സ്വപ്ന സുരേഷിന് ഫ്‌ലാറ്റ് ബുക്ക് ചെയ്യാന്‍ സെക്രട്ടേറിയറ്റില്‍നിന്ന് വിളിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് ഫ്‌ലാറ്റ് ബുക്ക് ചെയ്യാന്‍ സെക്രട്ടേറിയറ്റില്‍നിന്ന് വിളിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്‍. ശിവശങ്കറിനൊപ്പം വിദേശ യാത്രകളിലും അരുണ്‍ പങ്കെടുത്തിരുന്നു. 2018 ഒക്ടോബര്‍ 14 മുതല്‍ 18 വരെ ദുബായിലേക്കു നടത്തിയ യാത്രയുടെ ചെലവ് വഹിച്ചത് ടെക്‌നോപാര്‍ക്കായിരുന്നു.

ശിവശങ്കറിന്റെ സുഹൃത്തിനും കുടുംബത്തിനും താമസിക്കാനാണ് ഫ്‌ലാറ്റ് ബുക്കു ചെയ്തതെന്ന് അരുണ്‍ മാധ്യമങ്ങളോടു പറ!ഞ്ഞു. മേയ് അവസാനമാണ് ശിവശങ്കര്‍ ഫ്‌ലാറ്റിന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. സുഹൃത്തിന്റെ കുടുംബത്തിനു ഫ്‌ലാറ്റ് ശരിയാകുന്നതുവരെ താമസിക്കാനാണെന്നാണു പറഞ്ഞത്. വാട്‌സാപ്പിലൂടെയാണു വിവരങ്ങള്‍ കൈമാറിയത്.

എത്ര ദിവസത്തേക്കാണെന്നു ചോദിച്ചപ്പോള്‍ മൂന്നു ദിവസമെങ്കിലും വേണമെന്നായിരുന്നു മറുപടി. അവരുടെ ഫ്‌ലാറ്റ് ശരിയായാല്‍ ഉടനെ മാറുമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ച് ഫ്‌ലാറ്റുമായി ബന്ധപ്പെട്ടവരെ വിളിച്ച് റേറ്റു ചോദിച്ചു. ഇക്കാര്യം ശിവശങ്കറിനെ അറിയിച്ചു. വാട്‌സാപ് ചാറ്റ് അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറാന്‍ തയാറാണെന്നും ഏജന്‍സികള്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അരുണ്‍ പറഞ്ഞു.

സ്വപ്ന സുരേഷും സരിത്തും സ്വര്‍ണക്കടത്തു കേസില്‍ ഗൂഡാലോചന നടത്തിയത് സെക്രട്ടേറിയറ്റിനടുത്തുള്ള ഈ ഫ്‌ലാറ്റിലാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. സൃഹൃത്തായതിനാലാണ് ഫ്‌ലാറ്റ് എടുത്തു നല്‍കിയതെന്ന് ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കി.

pathram:
Leave a Comment