കേരള എന്‍ട്രന്‍സ് പരീക്ഷ മാറ്റിവയ്ക്കുന്നതാവും ഉചിതമെന്ന് ഐഎംഎ

സമ്പർക്കത്തിലൂടെ കോവിഡ് രോഗം വർധിക്കുന്ന സാഹചര്യത്തിൽ കേരള എൻജിനീയറിങ്/ഫാർമസി എൻട്രൻസ് പരീക്ഷ മാറ്റിവയ്ക്കുന്നതാകും ഉചിതമെന്ന് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) സംസ്ഥാന പ്രസിഡൻറ് ഡോ. എബ്രഹാം വർഗീസ്. 2020-21 വര്‍ഷത്തെ എഞ്ചിനീയറിങ്/ഫാര്‍മസി കോഴ്‌സ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയായ കീം-2020 വ്യാഴാഴ്ചയാണ് നടക്കുക. കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും പുറമേ ഡല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 1,10,250 വിദ്യാര്‍ത്ഥികളാണ് കീം പരീക്ഷയ്ക്കായി റജിസ്റ്റർ ചെയ്തിരിക്കുന്നത്.

യാത്രാനിയന്ത്രണവും കണ്ടൈൻമെന്‍റ് സോണുകളും ഉള്ളതിനാൽ പരീക്ഷ മാറ്റിവയ്ക്കുന്നതാണ് ഉചിതമെന്ന് ഐഎംഎ പ്രസിഡന്റ് പറഞ്ഞു. ഇത്രയും പേർ വരുമ്പോൾ പരീക്ഷ സെന്ററുകളിൽ ആൾക്കൂട്ടമുണ്ടാകും. വിദ്യാർഥികളോടൊപ്പം മാതാപിതാക്കളും പരീക്ഷ സെന്ററിലെത്തും. സമൂഹവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷാ കേന്ദ്രങ്ങൾ പൂർണമായി അണുവിമുക്തമാക്കി ശുചിത്വം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. പരീക്ഷാ കേന്ദ്രങ്ങളിൽ തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധന നിർബന്ധമാക്കണം . പരീക്ഷാർത്ഥികളും പരീക്ഷക്ക് മേൽനോട്ടം വഹിക്കുന്നവരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് പരീക്ഷാർത്ഥികൾക്ക് കൈകൾ വ്യത്തിയാക്കാനുള്ള സൗകര്യം പരീക്ഷാ കേന്ദ്രങ്ങളിൽ ഏർപ്പാടാക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് നിർദേശിച്ചു.

പ്രവേശന പരീക്ഷ കമ്മീഷണർക്കും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. പരീക്ഷാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ആശങ്ക പൂർണമായും പരിഹരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ കോവിഡ് തീവ്ര ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ പ്രവേശന പരീക്ഷ നടത്തുന്നത് രോഗ വ്യാപനത്തിന് കാരണമാകുമെന്ന രക്ഷകർത്താക്കളുടെ ആശങ്ക തള്ളികളയാനാവില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. രക്ഷകർത്താവായ സണ്ണി സി. മറ്റം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

2020-21 വര്‍ഷത്തെ എഞ്ചിനീയറിങ്/ഫാര്‍മസികോഴ്സ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയായ കീം-2020 ജൂലൈ 16നാണ് നടത്തുക. കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും പുറമേ ഡെല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 1,10,250വിദ്യാര്‍ത്ഥികള്‍ കീം പരീക്ഷ എഴുതുന്നുണ്ട്.

ഏപ്രില്‍ 20, 21 തീയതികളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ജൂലൈ 16 ലേയ്ക്ക് മാറ്റിയത്. കണ്ടെയ്ന്‍മെന്‍റ് സോണ്‍, ഹോട്ട്സ്സ്പോട്ട് എന്നിവയ്ക്കു പുറമേ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മേഖലകളിലും കോവിഡ് 19 വ്യാപനം തടയുന്നതിനു വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് പരീക്ഷയ്ക്ക് ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കിക്കൊണ്ടും രക്ഷകര്‍ത്താക്കളുടെ ആശങ്കകള്‍ അകറ്റിയും കുറ്റമറ്റ രീതിയില്‍ പ്രവേശന പരീക്ഷ നടത്താനിരിക്കുകയാണ്.  

പരീക്ഷാകേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കി സാമൂഹിക അകലം ഉറപ്പാക്കുന്നതിന്  പൊലിസിന്‍റെ സഹായം ഉറപ്പാക്കും. പരീക്ഷയ്ക്കു മുമ്പും ശേഷവും എല്ലാ പരീക്ഷാകേന്ദ്രങ്ങളും ഫയര്‍ഫോഴ്സ് അണുവിമുക്തമാക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതിന് മൂവായിരത്തോളം സന്നദ്ധ സേനാ പ്രവര്‍ത്തകരുടെ സേവനം വിനിയോഗിക്കും. കുട്ടികളുടെ തെര്‍മല്‍ സ്കാനിങ്, സാനിറ്റൈസിങ് എന്നിവയുടെ ചുമതല അവര്‍ക്കായിരിക്കും.

ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും ക്വാറന്‍റൈനില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക റൂമുകള്‍ സജ്ജീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നതിനായി കെഎസ്ആര്‍ടിസി പ്രത്യേകസര്‍വ്വീസ് നടത്തും. പരീക്ഷാകേന്ദ്രങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം രാവിലെയും വൈകുന്നേരവും സ്പെഷ്യല്‍ സര്‍വ്വീസ് നടത്തും. കൂടാതെ ‘ബസ് ഓണ്‍ ഡിമാന്‍ഡ്’ പദ്ധതിയും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ സൂപ്പര്‍സ്പ്രെഡ് മേഖലകളില്‍ നിന്നുള്ള 70 വിദ്യാര്‍ത്ഥികള്‍ക്ക് വലിയതുറ സെന്‍റ് ആന്‍റണീസ് എച്ച്എച്ച്എസില്‍ പരീക്ഷയെഴുതാം. ഡെല്‍ഹിയിലെ പരീക്ഷാകേന്ദ്രത്തിന് അവസാന നിമിഷംവരെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഫരീദാബാദ് ജെ സി ബോസ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി പുതിയ കേന്ദ്രമായി നിശ്ചയിച്ചിട്ടുണ്ട്.

അന്യസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ജാഗ്രതാ പോര്‍ട്ടല്‍ വഴി ‘ഷോര്‍ട്ട് വിസിറ്റ് പാസ്’ ലഭ്യമാക്കും.

follow us: PATHRAM ONLINE

pathram:
Leave a Comment