ആറ് മണിക്കൂര്‍ പിന്നിട്ടു; സ്വർണക്കടത്ത് കേസിൽ ശിവശങ്കരനെ ചോദ്യം ചെയ്യുന്നത് രാത്രി വൈകിയും തുടരുന്നു; പ്രതികളും ശിവശങ്കറും ഹോട്ടലില്‍ ഒത്തുചേര്‍ന്നതായി സൂചന

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് രാത്രി വൈകിയും തുടരുന്നു. ആറ് മണിക്കൂറിൽ അധികമായി ശിവശങ്കറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോൺ രേഖകളടക്കമുള്ള തെളിവുകൾ ശേഖരിച്ചതിന് പിന്നാലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടന്നത്.

ശിവശങ്കറിന്റെ ഫ്‌ലാറ്റിനുസമീപത്തെ ഹോട്ടലില്‍ കസ്റ്റംസ് പരിശോധന നടത്തി. പ്രതികളും ശിവശങ്കറും ഹോട്ടലില്‍ ഒത്തുചേര്‍ന്നെന്നാണ് വിവരം. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. ഈമാസം 1, 2 തീയതികളില്‍ മുറിയെടുത്തവരെപ്പറ്റിയാണ് അന്വേഷണം.

അന്വേഷണ സംഘം നേരത്തെ ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഉടന്‍തന്നെ ശിവശങ്കര്‍ കസ്റ്റംസ് ഓഫിസിലെത്തി.

സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായി സൗഹൃദത്തിനപ്പുറത്ത് എം.ശിവശങ്കറിനെ ബന്ധങ്ങളുണ്ടെന്ന് സംശയിക്കപ്പെടുന്ന് ഫോണ്‍ രേഖകളാണ് പുറത്തുവന്നത്. ഒന്നാം പ്രതി സരിത്തിനെ ഏപ്രില്‍ മെയ് മാസങ്ങളില്‍ 15 തവണയാണ് ശിവശങ്കര്‍ വിളിച്ചിരിക്കുന്നത്. 952627534 എന്ന നമ്പരില്‍ നിന്ന് സരിത്ത് ശിവശങ്കറിന്റെ 9847797000 എന്ന നമ്പരിലേക്ക് ഒന്‍പതു തവണ വിളിച്ചു. ശിവശങ്കര്‍ തിരിച്ച് അഞ്ചു തവണയും വിളിച്ചു. സ്വര്‍ണക്കടത്തുകാരുമായുള്ള ശിവശങ്കറിന്റെ ഫോണ്‍ വിളികളെപ്പറ്റി ചീഫ് സെക്രട്ടറിയും ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറിയും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണങ്ങള്‍ ഇപ്പോളില്ലെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്നശേഷം പൊലീസ് അന്വേഷണം അടക്കം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സ്വര്‍ണക്കടത്തിന്റെ ഉള്ളറകള്‍ തേടി ശിവശങ്കറിനെ കസ്റ്റംസ് വൈകിട്ട് അഞ്ചരമുതല്‍ ചോദ്യം ചെയ്യുകയാണ്. നാലരയോടെ കാര്‍ഗോ കസ്റ്റംസ് അസിസ്റ്റന്‍് കമ്മിഷണര്‍ നേതൃത്വത്തിലുള്ള സംഘം ശിവശങ്കറിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സരിത്തുമായും സ്വപ്നയുമായും ഉള്ള ബന്ധമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ വിശദമായ ചോദ്യം ചെയ്യലാണ് നടക്കുന്നത്.

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരുമായുള്ള സൗഹൃദം തെളിയിക്കുന്ന ഫോൺ രേഖകള്‍, മൊഴികള്‍, ശിവശങ്കർ താമസിച്ചിരുന്ന സെക്രട്ടറിയറ്റിന് സമീപത്തെ ഹെതർ ഫ്‌ളാറ്റിൽ പ്രതികളോടൊപ്പം ഒത്തുചേരൽ നടത്തിയതിന്റെ തെളിവുകൾ, സ്വർണക്കടത്തിന്റെ ഗൂഡാലോചന നടന്നത് ഹെതർ ഫ്‌ളാറ്റിൽ വച്ചാണെന്ന സരിത്തിന്റെ മൊഴി, ഹെതർ ഫ്‌ളാറ്റിൽ സ്വപ്ന സുരേഷിന്റെ ഭർത്താവിന് അപാർട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് കൊടുത്തത് ശിവശങ്കറാണെന്ന സംശയം, സ്വപ്ന സുരേഷിന്റെ കുടുംബത്തിലെ സ്വകാര്യ ചടങ്ങുകളിലടക്കം ശിവശങ്കറിന്റെ സാന്നിധ്യം എന്നിവ മുൻനിർത്തിയാണ് ചോദ്യം ചെയ്യൽ എന്നാണ് വിവരം.

follow us: PATHRAM ONLINE

pathram desk 2:
Leave a Comment