സ്വര്‍ണക്കടത്ത് കേസ്: എം.ശിവശങ്കറെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍; വിട്ടയച്ചത് പുലര്‍ച്ചെ രണ്ടേകാലിന്; നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിന്

തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ കസ്റ്റംസ് ഓഫിസില്‍ ഒന്‍പതു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ഒരു കേസന്വേഷണത്തിന്റെ ഭാഗമായി ഇത്രയും നേരം ചോദ്യം ചെയ്തത് ഇതാദ്യമായാണ്. ശിവശങ്കറെ ചില സിസിടിവി ദൃശ്യങ്ങള്‍ കൂടി കാട്ടിയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. പുലര്‍ച്ചെ രണ്ടേകാലോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ശിവശങ്കര്‍ പൂജപ്പുരയിലെ വീട്ടിലേക്കു മടങ്ങി.

സ്വപ്ന, സരിത്, സന്ദീപ് നായര്‍ എന്നിവരുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് കസ്റ്റംസ് ചോദിച്ചറിഞ്ഞത്. കൊച്ചിയില്‍ നിന്ന് കസ്റ്റംസ് കമ്മിഷണര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ചോദ്യം ചെയ്യലില്‍ പങ്കെടുത്തു. ശിവശങ്കറിന്റെ ഫ്‌ലാറ്റിനു സമീപത്തെ ഹോട്ടലില്‍ കസ്റ്റംസ് പരിശോധനയും നടത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. ഈ മാസം 1, 2 തീയതികളില്‍ മുറിയെടുത്ത നാലുപേരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. പ്രതികളുമായി ഒട്ടേറെ തവണ ഫോണ്‍ ചെയ്തതിന്റെ തെളിവുകള്‍ കൂടി കാട്ടിയാണ് കസ്റ്റംസ് സംഘം ശിവശങ്കറെ ചോദ്യം ചെയ്തതെന്നാണ് വിവരം.

അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സന്ദീപിന്റെ നെടുമങ്ങാടുള്ള വീട്ടില്‍ നിന്ന് രണ്ട് ഫോണുകള്‍ എന്‍ഐഎ പിടിച്ചെടുത്തു. ഒളിവില്‍ പോകുന്നതിന് മുന്‍പ് സന്ദീപ് ഭാര്യയ്ക്കു കൈമാറിയ ഫോണുകളാണിവ. ചോദ്യം ചെയ്യാന്‍ ശിവശങ്കറിനെ കാര്‍ഗോ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാലരയോടെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപമുള്ള കസ്റ്റംസ് ഓഫിസില്‍ വിളിച്ചുവരുത്തിയത്. അഞ്ചരയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ രണ്ടേകാലോടെയാണ് അവസാനിച്ചത്. ഡിആര്‍ഐ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യുന്ന സംഘത്തിലുണ്ടായിരുന്നു.

നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്തായതിനാല്‍ കേസില്‍ പ്രതിചേര്‍ത്ത സ്വപ്നയും സരിത്തുമായി ശിവശങ്കറിന്റെ ബന്ധം സംബന്ധിച്ച ഈ ചോദ്യം ചെയ്യല്‍ ഏറെ നിര്‍ണായകമാണ്. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ സംഘം നേരത്തെ ശിവശങ്കറിന്റെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയത്. കേസിലെ പ്രതികളുമായി സൗഹൃദത്തിനപ്പുറത്ത് ശിവശങ്കറിനു ബന്ധങ്ങളുണ്ടെന്നു സംശയിക്കപ്പെടുന്ന ഫോണ്‍ രേഖകള്‍ പുറത്തുവന്നിരുന്നു. ഒന്നാംപ്രതി സരിത്തിനെ ഏപ്രില്‍, മേയ് മാസങ്ങളില്‍ 15 തവണയാണ് ശിവശങ്കര്‍ ഫോണില്‍ വിളിച്ചത്.

ശിവശങ്കറിന്റെ നമ്പരിലേക്കു സരിത് ഒന്‍പതു തവണ വിളിച്ചു. ശിവശങ്കര്‍ തിരിച്ച് അഞ്ചു തവണയും വിളിച്ചു. സ്വര്‍ണക്കടത്തുകാരുമായുള്ള ശിവശങ്കറിന്റെ ഫോണ്‍ വിളികളെപ്പറ്റി ചീഫ് സെക്രട്ടറിയും ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറിയും അന്വേഷിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണങ്ങള്‍ ഇപ്പോഴില്ലെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്നശേഷം പൊലീസ് അന്വേഷണം അടക്കം തീരുമാനിക്കുമെന്നമാണ് മുഖ്യമന്ത്രി പറഞ്ഞത്.

സ്വര്‍ണക്കടത്തിന്റെ ഉള്ളറകള്‍ തേടി ശിവശങ്കറിനെ കസ്റ്റംസ് വൈകിട്ട് അഞ്ചു മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. നാലരയോടെ കാര്‍ഗോ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ നേതൃത്വത്തിലുള്ള സംഘം ശിവശങ്കറിനെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. സരിത്തുമായും സ്വപ്നയുമായും ഉള്ള ബന്ധമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ വിശദമായ ചോദ്യം ചെയ്യലാണു നടന്നത്‌

pathram:
Leave a Comment