കേരളം രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തില്‍; നാലാംഘട്ടം അതീവ ഗുരുതരം

തിരുവനന്തപുരം: ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളതെന്നും കേരളം മൂന്നാം ഘട്ടത്തിലാണെത്തി നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

‘ലോകാരോഗ്യസംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളത്. 1.രോഗികളില്ലാത്ത സ്ഥിതി. 2. പുറമെനിന്ന് രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് രോഗം പകരുന്ന ഘട്ടമായ സ്‌പൊറാഡിക്ക്. 3. ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം ക്ലസ്റ്റഴ്‌സ് 4. വ്യാപകമായ സമൂഹവ്യാപനം എന്നിവയാണ് ഈ നാല് ഘട്ടങ്ങള്‍.’ കേരളം മൂന്നാം ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണെന്നും അടുത്തഘട്ടം സമൂഹവ്യാപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘മലപ്പുറത്തും തിരുവനന്തപുരത്തും മറ്റ് പല ജില്ലകളിലും മൂന്നാം ഘട്ടത്തില്‍ കാണുന്നതുപോലുള്ള ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു വന്നിട്ടുണ്ട്. അടുത്ത ഘട്ടം സമൂഹ വ്യാപനമാണ്. സമൂഹ വ്യാപനം തടയുന്നതിനായി നമ്മള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നിപ ഒരു മാസമാണ് നീണ്ടു നിന്നത്. അത് നമുക്ക് വിജയകരമായി നിയന്ത്രിക്കാനായി. കോവിഡ് നിയന്ത്രണം നാം തുടങ്ങിയിട്ട് ആറു മാസമായി. ലോകത്തെ പലയിടങ്ങളിലും ഓരോ ദിവസം കഴിയുന്തോറും രോഗവ്യാപനം കൂടുകയാണ്. ഈ വര്‍ഷാവസാനത്തോടെ മാത്രമേ രോഗ നിയന്ത്രണം കൈവരിക്കാന്‍ കഴിയൂ എന്നതാണ് വിലയിരുത്തല്‍.

ഇത്ര ദീര്‍ഘകാലം കഠിനമായി പരിശ്രമിക്കേണ്ടി വരുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ സ്വാഭാവികമായും വരുന്ന തളര്‍ച്ച നാം കാണേണ്ടതുണ്ട്. അതുപോലെ രോഗപ്രതിരോധ നടപടികളില്‍ ഉദാസീന സമീപനം നാട്ടുകാരില്‍ ചിലരും സ്വീകരിക്കുന്നു.സമ്പര്‍ക്കത്തിലൂടെയുള്ള വ്യാപനത്തിനുള്ള കാരണം നമ്മുടെ അശ്രദ്ധയാണ്.’ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും കൂടിയ കണക്കുകളാണ് ഇത്. 181 പേരാണ് രോഗമുക്തി നേടിയത്.

ഇന്ന് രോഗം ബാധിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 396 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 8 ആരോഗ്യപ്രവര്‍ത്തകര്‍, ബിഎസ്എഫ് 2, ഐടിബിപി 2, സിഐഎസ്എഫ് 2 എന്നിവര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കരോഗബാധയുണ്ടായവരില്‍ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.

തിരുവനന്തപുരം 201, എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍കോട് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംതിട്ട 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

181 പേരാണ് രോഗമുക്തി നേടിയത്. തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, തൃശൂര്‍ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 14, 227 സാമ്പിളുകള്‍ പരിശോധിച്ചു. 1,80594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8930 പേര്‍ക്കാണ്. ഇന്ന് മാത്രം 720 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 4454 പേരാണ്. ആകെ 252302 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 7745 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല.

ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 227 ആയി.

FOLLOW US: pathram online

pathram:
Leave a Comment