ഷാര്‍പ്പ് ഷൂട്ടര്‍ റമീസ് ; മാനുകളെ കൊന്ന് ഉന്നതര്‍ക്ക് കാഴ്ചവയ്ക്കും, ഉണക്കി വിദേശത്തേക്കും കടത്തും; സ്വര്‍ണവും റൈഫിളുകളും കടത്തിയ കേസില്‍ പ്രതി

രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘങ്ങളിലെ മുഖ്യകണ്ണിയാണ് സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് (32) എന്ന് റിപ്പോര്‍ട്ടുകള്‍. നെടുമ്പാശേരി വിമാനത്താവളം വഴി ആറു റൈഫിളുകള്‍ കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച കേസിലും മാന്‍വേട്ടക്കേസിലും 2015 മാര്‍ച്ചില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ അഞ്ചു കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ് ഇയാള്‍.

അന്നു ഗള്‍ഫില്‍ നിന്ന് കാര്‍ഗോ വഴി 17.5 കിലോഗ്രാം സ്വര്‍ണമാണു കൊണ്ടുവന്നത്. സ്വര്‍ണമെത്തിച്ചാല്‍ വന്‍ ലാഭമുണ്ടാക്കാമെന്ന് രാമനാട്ടുകര സ്വദേശി സലീം എന്നയാള്‍ പറഞ്ഞതനുസരിച്ചാണു താന്‍ പ്രവര്‍ത്തിച്ചതെന്നാണ് അന്നു റമീസ് മൊഴി നല്‍കിയത്. മറ്റൊന്നും അറയില്ലെന്നും പറഞ്ഞു. സുബൈര്‍ എന്നയാളുടെ പാസ്‌പോര്‍ട്ടിലാണ് സ്വര്‍ണമെത്തിച്ചത്.

രണ്ടു മാനുകളെ വെടിവച്ചു കൊന്ന കേസ് പാലക്കാട് വാളയാര്‍ പോലീസ് സ്‌റ്റേഷനിലുണ്ട്. രണ്ടു ബാഗുകളിലായി ആറു റൈഫിളുകള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ ഗ്രീന്‍ ചാനലിലൂടെ കൊണ്ടുവരാനുള്ള ശ്രമത്തിനിടെയായിരുന്നു കസ്റ്റംസ് പിടികൂടിയത്.

നാട്ടില്‍ റിയല്‍ എസ്‌േറ്ററ്റ് ബിസിനസ് ഉണ്ടായിരുന്നു. ബംഗളൂരു, മംഗളൂരു, കോയമ്പത്തൂര്‍, കരിപ്പൂര്‍, തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങള്‍ വഴി കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘങ്ങളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നു കസ്റ്റംസിനു വിവരം ലഭിച്ചു. മുസ്ലിംലീഗിലെ ചില ഉന്നത നേതാക്കളുടെ ബന്ധു കൂടിയാണ് റമീസെന്നു സൂചനയുണ്ട്.

കേസുകളില്‍നിന്നു രക്ഷപ്പെടാന്‍ ഇയാള്‍ നേതാക്കളുടെ പേര് ഉപയോഗിച്ചതായും വിവരമുണ്ട്. പിതാവിന്റെ പേരിലുള്ള തോക്കിന്റെ ലൈസന്‍സ് സ്വന്തം പേരിലേക്കു മാറ്റിക്കിട്ടാന്‍ നേരത്തേ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷ നല്‍കിയിരുന്നു. ചില നേതാക്കള്‍ ഇടപെട്ടിട്ടും ജില്ലാ പോലീസ് മേധാവി വിസമ്മതിച്ചു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഗുണമുണ്ടായില്ല.

നാട്ടില്‍ സ്വന്തമായി ജോലിയോ ബിസിനസോ ഇല്ലാത്ത ഇയാള്‍ ഇടയ്ക്കു വിദേശത്തു പോകാറുണ്ട്. കരിപ്പൂര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ അഞ്ചു കോടി രൂപയുടെ സ്വര്‍ണം പിടികൂടിയ കേസാണ് റമീസിനെ കസ്റ്റംസിന്റെ നോട്ടപ്പുള്ളിയാക്കിയത്. കാര്‍ഗോയിലെത്തിയ സ്വര്‍ണം ഏറ്റെടുക്കാന്‍ ചെന്നപ്പോളാണു പിടിവീണത്. ദുബായ് കേന്ദ്രീകരിച്ചുള്ള സംഘമാണ് കള്ളക്കടത്തിന്റെ മുഖ്യ സൂത്രധാരരെന്നു കസ്റ്റംസിനു വിവരം ലഭിച്ചെങ്കിലും അന്വേഷണം വഴിമുട്ടി.

ആറു റൈഫിളുകള്‍ കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച റമീസ് ഷാര്‍പ്പ് ഷൂട്ടര്‍ ആണ്. മാനുകളെയും കാട്ടുപോത്തുകളെയുമെല്ലാം വെടിവച്ചിടുമെങ്കിലും കഴിക്കാറില്ലെന്നാണു വിവരം. മദ്യവും ഉപയോഗിക്കില്ലത്രേ. വേട്ട കഴിഞ്ഞാലുടന്‍ റമീസ് മടങ്ങും. കൂട്ടാളികള്‍ മൃഗത്തെ ഇറച്ചിയാക്കി നാട്ടിലെത്തിക്കും. വേട്ടയിറച്ചി ഉന്നതരായ പലര്‍ക്കും കാഴ്ചവയ്ക്കാനുള്ളതാണ്. ഉണക്കി ദുബായിലേക്കു കടത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു.

2014ല്‍ രണ്ടു മാനുകളെ വെടിവെച്ചു കൊന്ന കേസിലെ പ്രതിയാണു റമീസ്. പാലക്കാട് വാളയാര്‍ സ്‌റ്റേഷനിലാണ് കേസ്. രാജ്യാന്തര വന്യജീവി കടത്തുസംഘങ്ങളുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നു സംശയിക്കുന്നു. മണ്ണാര്‍ക്കാട് വനമേഖലയില്‍ലടക്കം മൃഗവേട്ട നടത്തിയതിന്റെ പേരില്‍ കേസുകള്‍ നിലവിലുണ്ട്. അടുത്തിടെ സമാനകേസുകളില്‍ പിടിയിലായവര്‍ ഇയാളുടെ സംഘത്തില്‍പെട്ടവരാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ വാളയാര്‍ അയ്യപ്പമലയില്‍ മാനിറച്ചി പിടിച്ചിരുന്നു. ഈ വേട്ടയില്‍ റമീസിനു പങ്കുണ്ടെന്ന് മറ്റൊരു കേസില്‍ സൈലന്റ്‌വാലിയില്‍ പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

തുടര്‍ന്നു വനപാലകര്‍ ഇയാളെ പിടികൂടാന്‍ നീക്കംനടത്തിയതാണ്. നാട്ടിലും വിദേശത്തുമായി പിടികൊടുക്കാതെ മുങ്ങിനടന്നിരുന്ന ഇയാള്‍ക്കെതിരേ പലതവണ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അടുത്തിടെ വനംവകുപ്പ് ലുക്കൗട്ട് നോട്ടീസുമിറക്കി. അറസ്റ്റിലായ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാന്‍ വനപാലകര്‍ നടപടിയെടുക്കും.

കാര്‍ഗോ വഴി സ്വര്‍ണം കടത്താമെന്ന ആശയത്തിന് തുടക്കമിട്ടത് റമീസ് ആയിരുന്നു. 2015 മാര്‍ച്ചില്‍ റമീസ് കരിപ്പൂരില്‍ കാര്‍ഗോയിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചു. അന്ന് പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങി സന്ദീപുമായി ചേര്‍ന്ന് പുതിയവഴികള്‍ തേടി. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കാര്‍ഗോവഴി എങ്ങനെ സ്വര്‍ണം കടത്താമെന്ന് ചിന്തയാണ് ഡിപ്ലോമാറ്റിക് ബാഗേജ് എന്ന ആശയത്തിലെത്തിയയത്. അതിന് കൂട്ടായി സ്വപ്നയെയും സരിത്തിനെയും സംഘത്തില്‍ ചേര്‍ക്കുകയും ചെയ്തു.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment