സ്വര്‍ണം വരണം…, പ്രവാസികള്‍ വരണമെന്ന് നിര്‍ബന്ധമില്ല.., സ്വര്‍ണ്ണത്തിളക്കത്തോടെ നാം മുന്നോട്ട്; സര്‍ക്കാരിനെ ട്രോളി ജേക്കബ് തോമസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ആരോപണം ശക്തമാകുമ്പോള്‍ സര്‍ക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘മുഖ്യ വികസനമാര്‍ഗം. സ്വര്‍ണം പ്രവാസി നാട്ടില്‍ നിന്നും വരണം. പ്രവാസികള്‍ വരണം എന്ന് നിര്‍ബന്ധമില്ല. സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്..’ എന്നാണ് അദ്ദേഹം കുറിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്ന ആരോപണംകൂടി പരോക്ഷമായി ഉന്നയിച്ചുകൊണ്ടാണ് ജേക്കബ് തോമസിന്റെ പോസ്റ്റ്.

യു എ ഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകയായ ഐടി വകുപ്പ് ഉദ്യോഗസ്ഥയാണ് സ്വപ്ന സുരേഷ്. കേസിലെ പ്രതിയായ സരിത്തിനെ ചോദ്യം ചെയ്തതോടെയാണ് സ്വപ്നയുടെ പങ്കിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സംസ്ഥാന ഐടി വകുപ്പിലെ ഉദ്യോഗസ്ഥയും മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരിയുമായ സ്വപ്നാ സുരേഷാണ് മുഖ്യകണ്ണിയെന്ന് സരിത്തിനെ ചോദ്യം ചെയ്തതിലൂടെയാണ് വ്യക്തമായതെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിക്കളഞ്ഞു. തെറ്റ് ചെയ്ത ഒരാളെയും സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസെന്ന് നാല് വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും സംഭവമുണ്ടായാല്‍ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും എങ്ങനെയെങ്കിലും പെടുത്താമെന്നാണ് ചിലര്‍ ആലോചിച്ച് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ആരോപണം. ഈ കേസ് അന്വേഷിക്കുന്നത് കസ്റ്റംസാണെന്ന് അദ്ദേഹം മനസിലാക്കണം. അവരത് കൃത്യമായി അന്വേഷിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും മുഖ്യമന്ത്രി ഓണ്‍ലൈന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment