‘ജോസ് കെ മാണി കൊറോണയോ..?’ സാമൂഹിക അകലം പാലിക്കണമെന്ന് കാനം

തിരുവനന്തപുരം : ജോസ് കെ മാണിയുടെ മുന്നണി പ്രവേശന വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന് കാനം രാജേന്ദ്രന്റെ മറുപടി. തുടര്‍ ഭരണ സാധ്യതയെ ദുര്‍ബലപ്പെടുത്തുന്ന നിലപാടുകള്‍ എടുക്കാന്‍ പാടില്ലെന്നും 1965ലെ ചരിത്രം കോടിയേരി ഒന്നു കൂടി വായിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

‘1965ല്‍ ഒറ്റക്കല്ല മത്സരിച്ചത്. കോടിയേരി ആ ചരിത്രം ഒന്നു കൂടി വായിച്ചു നോക്കുന്നത് നല്ലതാണ്. 65ല്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി ധാരണയുണ്ടാക്കിയാണ് സിപിഎം മത്സരിച്ചത്. ഒറ്റക്ക് മത്സരിച്ചു എന്ന് പറയുന്നതില്‍ എന്താണര്‍ഥം. എല്‍ഡിഎഫിന്റെ അടിത്തറ വിപുലീകരിക്കേണ്ടത് ജനാധിപത്യ ശക്തികളെ എല്‍ഡിഎഫിലേക്ക് ആകര്‍ഷിച്ചു കൊണ്ടാണ്. അതല്ലാതെ വരികയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചു കൊണ്ടല്ല’, കാനം രാജേന്ദ്രന്‍ പറഞ്ഞു.

‘സര്‍വ്വേയുടെ അടിസ്ഥാനത്തിലല്ല ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. 50,000 വോട്ടര്‍മാരെ മാത്രം കാണാതെ മുഴുവന്‍ വോട്ടര്‍മാരുടെ കയ്യില്‍ നിന്ന് വിവരങ്ങള്‍ അറിയാനുള്ള സംവിധാനം ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുണ്ട്. ഞങ്ങളുടെ ഗ്രാസ്സ് റൂട്ട് ലെവലില്‍ നിന്നുള്ള റിപ്പോര്‍ട്ട് തുടര്‍ഭരണമുണ്ടാകുമെന്നാണ് പറയുന്നത്. ഇതിനെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയം തീരുമാനം എടുക്കാന്‍ പാടില്ല.

മുന്നണി എന്നത് കക്ഷികളുടെ നിലപാടിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ജോസ് കെ മാണി യുഡിഎഫ് വിട്ടിട്ടില്ല. മൂന്ന് മുന്നണിയുമായി വിലപേശുകയാണ് അവര്‍. വീരേന്ദ്രകുമാറിന്റെ ജനതാദള്‍ പാര്‍ട്ടി എല്‍ഡിഎഫിലേക്ക് വന്നത് യുഡിഎഫിന്റെ കയ്യില്‍ നിന്ന് അവര്‍ക്ക് ലഭിച്ച സര്‍വ്വതും രാജ്യസഭാംഗത്വവും വിട്ടെറിഞ്ഞിട്ടാണ്. ജോസ് കെ. മാണി വിഭാഗത്തിന്റെ പല എംപിമാരും നിലവില്‍ യുപിഎയുടെ എംപിമാരാണ് . അതൊക്കെ അവര്‍ ഉപേക്ഷിക്കട്ടെ അപ്പോള്‍ ആലോചിക്കാം’.

ജോസ് കെ മാണി വിഷയത്തില്‍ അതുകണ്ട് തന്നെ സിപിഐയ്ക്ക് ധൃതി ഇല്ലെന്നും സാമൂഹിക അകലം പാലിക്കേണ്ട സമയമാണ്. ഞങ്ങള്‍ അങ്ങിനെ തന്നെ നില്‍ക്കുമെന്നും കാനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

FOLLOW US: pathram online

pathram:
Leave a Comment