മെസ്സി ബാഴ്‌സലോണ വിടുന്നു; കരാര്‍ പുതുക്കിയില്ല; ക്ലബിന്റെ പെരുമാറ്റം താരത്തെ ചൊടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

സൂപ്പര്‍ താരം ലയണല്‍ മെസി അടുത്ത സീസണ്‍ അവസാനം ക്ലബ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. മാനേജ്‌മെന്റിലും പരിശീലകനിലും മെസി സന്തുഷ്ടനല്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ ബാഴ്‌സ മുന്നോട്ടുവച്ച കരാര്‍ പുതുക്കലിനോട് താരം പ്രതികരിച്ചിട്ടില്ല. 2021 വരെ ബാഴ്‌സയില്‍ കരാറുള്ള അദ്ദേഹം അടുത്ത സീസണ്‍ അവസാനം ക്ലബ് വിട്ടേക്കുമെന്നാണ് വിവരം.

ടീമിന്റെ നിലവാരം ഇടിഞ്ഞത് മെസിയെ അസ്വസ്ഥനാക്കുന്നുണ്ട്. പരിശീലകരുടെയും യുവതാരങ്ങളുടെയും കാര്യത്തില്‍ മാനേജ്‌മെന്റ് എടുക്കുന്ന നിലപാടുകളും മെസിയെ ചൊടിപ്പിക്കുന്നു. ആര്‍തര്‍ മെലോ, മാര്‍ക്കം, കുട്ടീഞ്ഞോ തുടങ്ങിയ താരങ്ങളെ വിറ്റും ലോണില്‍ അയച്ചും ഒഴിവാക്കിയ രീതിയും അത്‌ലറ്റികോ മാഡ്രിഡില്‍ നിന്നെത്തിയ അന്റോയിന്‍ ഗ്രീസ്മാനോട് ക്ലബിന്റെ പെരുമാറ്റവും അദ്ദേഹത്തെ ചൊടിപ്പിക്കുന്നു. ഒപ്പം, പരിശീലകന്‍ ക്വിക്കെ സെറ്റിയനിലും മെസിയും പീക്കെയുമടങ്ങുന്ന മുതിര്‍ന്ന താരങ്ങള്‍ തൃപ്തരല്ല.

കൊവിഡ് പ്രതിസന്ധിക്കിടെ താരങ്ങളുടെ ശമ്പളം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് താരങ്ങളെ കുറ്റപ്പെടുത്തിയ സംഭവത്തിലും മെസി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

കിരീടപ്പോരില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡ് കടുത്ത വെല്ലുവിളിയാണ് ഇപ്പോള്‍ ബാഴ്‌സലോണക്ക് ഉയര്‍ത്തുന്നത്. റയല്‍ രണ്ടാം സ്ഥാനത്തേക്ക് ബാഴ്‌സലോണയെ പിന്തള്ളിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശീലകനെതിരെ പടയൊരുക്കം ആരംഭിച്ചു കഴിഞ്ഞെന്ന് സൂചനയുണ്ട്. ലീഗ് കിരീടമോ ചാമ്പ്യന്‍സ് ലീഗോ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ സെറ്റിയനെ പുറത്താക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നു. സെറ്റിയനിലുള്ള വിശ്വാസം കളിക്കാര്‍ക്ക് നഷ്ടപ്പെട്ടെന്നും മാനേജ്‌മെന്റിന്റെ പ്രതീക്ഷക്കൊത്ത് റിസല്‍ട്ടുകള്‍ വരുന്നില്ല എന്നത് ചര്‍ച്ചയാവുന്നുണ്ടെന്നും സൂചനയുണ്ട്. കഴിഞ്ഞ മത്സരത്തില്‍ കുഞ്ഞന്മാരായ സെല്‍റ്റ വിഗോയോട് 22 എന്ന സ്‌കോറിനു സമനില വഴങ്ങിയതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

FOLLOW US: pathram online

pathram:
Leave a Comment