കോവിഡ് ചികിത്സയ്ക്ക് കൊള്ളനിരക്ക് ഈടാക്കുന്നു; കേരളത്തില്‍ രോഗികള്‍ക്ക് ആശ്വാസം

രാജ്യത്തെ കോവിഡ് രോഗികള്‍ ആറ് ലക്ഷം പിന്നിട്ടിരിക്കുകയാണ്. ഓരോ ദിവസവും മരണം 500 വരെ ആയി. ഇതിനിടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കു കൊള്ളനിരക്ക് ആണ് ഈടാക്കുന്നത്. കമ്പനികള്‍ മരുന്നുകള്‍ക്കും തീവിലയിട്ടതോടെ ദുരിതത്തിലാണു രോഗികള്‍.

കേരളത്തില്‍ അതതു രോഗലക്ഷണങ്ങള്‍ക്കുള്ള മരുന്നുകളും ചില ആന്റിവൈറല്‍ മരുന്നുകളുമാണു നല്‍കുന്നത്. ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ആശുപത്രിയിലായതിനാല്‍ രോഗിക്ക് ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍, സ്ഥിതി രൂക്ഷമായ നഗരങ്ങളില്‍, ആരോഗ്യമന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുള്ള ബദല്‍ മരുന്നുകള്‍ പലതും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കോവിഡിന് മരുന്നു കണ്ടുപിടിക്കാത്ത സാഹചര്യത്തിലാണു മന്ത്രാലയം ബദല്‍ മരുന്നുകള്‍ നിര്‍ദേശിച്ചിട്ടുള്ളത്.

എബോളയ്‌ക്കെതിരെ പ്രയോഗിച്ച റെംഡെസിവര്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളില്‍ ഉപയോഗിക്കാം. ആശുപത്രിവാസം കുറയ്ക്കുമെന്നല്ലാതെ ഇതുകൊണ്ടു കാര്യമായ നേട്ടമില്ലെന്നാണ് വിദഗ്ധ പക്ഷം. മറ്റൊരു മരുന്നായ ഫാവിപിരാവിറും ഇന്ത്യ ഉപയോഗിക്കുന്നു.

ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ രോഗത്തിന്റെ ആരംഭഘട്ടത്തിലുള്ളവര്‍ക്കാണു നല്‍കുന്നത്. പ്രതിരോധശേഷി കൂട്ടി ശ്വാസകോശ രോഗബാധയുടെ ഗുരുതരാവസ്ഥ കുറയ്ക്കുന്ന ടോസിലിസുമാബും ഉപയോഗിക്കാം. ഡെക്‌സമെത്തസോണ്‍, മീഥേല്‍പ്രഡ്‌നിസലോണും ഉപയോഗത്തിലുണ്ട്.

റെംഡെസിവിര്‍ നിര്‍മാണത്തിനും വിപണനത്തിനും നിലവില്‍ 2 ഇന്ത്യന്‍ കമ്പനികള്‍ക്കാണ് അനുമതി; ഹൈദരാബാദിലെ ഹെറ്റിറോയ്ക്കും സിപ്ലയ്ക്കും. ഹെറ്റിറോ ഒരു ഡോസിന് 5400 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇതു പ്രകാരം ഒരു രോഗിക്ക് ഈ മരുന്നിന് മാത്രം 32,000 രൂപയോളം വരും ചെലവ്. 5000 രൂപയില്‍ താഴെ വിലയ്ക്ക് മരുന്ന് എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സിപ്ല വില പ്രഖ്യാപിച്ചിട്ടില്ല. ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിക്കുന്ന ഫാവിപിരാവിറിനും വില ചെറുതല്ല. നിര്‍ദേശിച്ചിരിക്കുന്ന ഡോസനുസരിച്ചു 15 ദിവസങ്ങളിലായി 130 ഗുളിക വേണം. ഒരെണ്ണത്തിന് വില 103 രൂപ. ആകെ 13,390 രൂപ.

സൈഡസ് കാഡില, ഇപ്ക അടക്കം ഒട്ടേറെ കമ്പനികള്‍ നിര്‍മിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ ഗുളികകള്‍ക്കു താരതമ്യേന വില കുറവാണ്. പത്തു ഗുളികള്‍ക്കു 68 രൂപയാണ് വില. ഡെക്‌സമെത്തസോണും ചെലവു കുറവാണ്; നിലവില്‍ 10 രൂപയാണ് ഒരു ഡെസ്‌കമെത്തസോണ്‍ ഇഞ്ചക്ഷന്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment