കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തുടക്കമിട്ട് യുഎഇ; വിജയിച്ചാല്‍ ഉത്പാദനം

അബുദാബി: കോവിഡിനെതിരായ വാക്‌സിന്‍ മനുഷ്യരില്‍ വ്യാപകമായി പരീക്ഷിക്കുന്ന മൂന്നാംഘട്ട ക്ലിനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കു യുഎഇയില്‍ തുടക്കം. നിര്‍ജീവമാക്കിയ വൈറസിന്റെ ഭാഗങ്ങള്‍ ശരീരത്തിലേക്കു കുത്തിവച്ച് നടത്തുന്ന ഈ ചികിത്സാ രീതി വാക്‌സിന്‍ മനുഷ്യരില്‍ വാക്‌സിന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിലേക്ക് നീങ്ങും.

ചൈനയിലെ സിനോഫാം സിഎന്‍ബിജി കമ്പനിയും അബുദാബി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് കംപ്യൂട്ടിങ് കമ്പനിയായ ഗ്രൂപ്പ് 42ഉം (ജി 42) തമ്മില്‍ ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടു. അബുദാബി ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ യുഎഇയിലെ ക്ലിനിക്കല്‍ ട്രയല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജി 42 നേതൃത്വം നല്‍കും.

കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇയില്‍ തുടക്കമിടുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രി അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് അല്‍ ഒവൈസ്, അബുദാബി ആരോഗ്യവകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദ്, യുഎഇയിലെ ചൈനീസ് സ്ഥാനപതി നി ജിയാന്‍, എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്രൂയി, ആരോഗ്യവകുപ്പിന്റെ ആക്ടിങ് അണ്ടര്‍സെക്രട്ടറി ഡോ. ജമാല്‍ അല്‍കാബി എന്നിവര്‍.

മൂന്നു ഘട്ടങ്ങളായി തിരിച്ച പരീക്ഷണത്തിലെ ആദ്യഘട്ടത്തില്‍ വാക്‌സിനുകളുടെ സുരക്ഷ പരിശോധിക്കും. രോഗപ്രതിരോധ ശേഷി വിലയിരുത്തുന്ന രണ്ടാം ഘട്ടത്തില്‍ ഏതാനും വ്യക്തികളില്‍ മാത്രം കുത്തിവച്ച് പരിശോധിക്കും.

മൂന്നാം ഘട്ടത്തില്‍ വാക്‌സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും കൂടുതല്‍ പേരില്‍ പരീക്ഷിക്കും. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിക്കും. തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരത്തോടെ നിര്‍മാണ ഘട്ടത്തിലേക്ക് കടക്കും.

സിനോഫാം കമ്പനി ഇതോടകം ഒന്നും രണ്ടും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. മൂന്നാം ഘട്ടംകൂടി പൂര്‍ത്തിയാക്കുന്നതോടെ അടുത്ത വര്‍ഷത്തോടെ വാക്‌സിന്‍ വിപണിയിലിറക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്

follow us: PATHRAM ONLINE

pathram:
Leave a Comment