സുശാന്തിനെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടത് റിയ-മഹേഷ് ഭട്ട് ബന്ധമോ?

യുവതാരം സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളും ദുരൂഹതകളും അസാനിക്കുന്നില്ല. സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയെക്കുറിച്ചാണ് ബോളിവുഡിലെ ഇപ്പോഴത്തെ അടക്കംപറച്ചിലുകള്‍. റിയ ചക്രവര്‍ത്തിയും നിര്‍മാതാവും സംവിധായകനുമായ മഹേഷ് ഭട്ടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒട്ടേറെ കഥകളാണ് ബോളിവവുഡില്‍ പ്രചരിക്കുന്നത്. സുശാന്തിനെ മനോരോഗി ആയി ചിത്രീകരിച്ചതിലും ആത്മഹത്യയിലേക്ക് തള്ളി വിട്ടതിലും മഹേഷ് ഭട്ടിന് നേരിട്ട് പങ്കുണ്ടന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. സുശാന്തിന്റെ കരിയറിലും ജീവിതത്തിലും സംഭവിച്ച കാര്യങ്ങള്‍ ഈ ആരോപണങ്ങളെ ശരി വയ്ക്കുന്നതുമാണ്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയെ അന്വേഷണസംഘം ചോദ്യം ചെയ്തത് ഒന്‍പതു മണിക്കൂറാണ്. ഇതിനു പിന്നാലെയാണ് റിയയ്ക്ക് നിര്‍മാതാവും സംവിധായകനുമായ മഹേഷ് ഭട്ടുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സുശാന്തും റിയയും തമ്മിലുള്ള ബന്ധം തകരുന്നതില്‍ മഹേഷ് ഭട്ട് ഇടപെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 2017 മുതല്‍ ഭട്ട് കുടുംബവുമായി അടുത്ത ബന്ധം റിയ സൂക്ഷിച്ചിരുന്നു. മഹേഷ് ഭട്ടിന്റെ സഹോദരന്‍ മുകേഷ് ഭട്ടിന്റെ ‘ജിലേബി’ എന്ന സിനിമയിലൂടെയാണ് റിയ ചക്രവര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.

മഹേഷ് ഭട്ടുമായി അടുത്തിടപെഴുകുന്ന തരത്തിലുള്ള നിരവധി ചിത്രങ്ങള്‍ അക്കാലത്ത് റിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. രണ്ടു വര്‍ഷം മുന്‍പ് മഹേഷ് ഭട്ടിന്റെ ജന്മദിനത്തില്‍ റിയ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും വലിയ വിമര്‍ശനങ്ങള്‍ക്കു കാരണമായി. ഇരുവരും പ്രണയത്തിലാണോ എന്നു സംശയം തോന്നിപ്പിക്കും വിധമുള്ള ചിത്രങ്ങളായിരുന്നു വിവാദത്തിന് കാരണമായത്. ;ഇതാണ് ഞങ്ങള്‍. ഏറ്റവും ഇഷ്ടത്തോടെ നിങ്ങളെന്നെ ചേര്‍ത്തുപിടിച്ചു… സ്‌നേഹമെന്താണെന്ന് കാണിച്ചു… എന്റെ ചിറകുകളെ അനന്തതയിലേക്ക് തുറന്നിട്ടു… ഏതൊരു ആത്മാവിനെയും ജ്വലിപ്പിക്കുന്ന അഗ്‌നിയാണ് നിങ്ങള്‍ … എന്റെ വാക്കുകള്‍ അശക്തമാണ്. ഒരുപാടിഷ്ടം,; മഹേഷ് ഭട്ടിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് റിയ കുറിച്ചു.

റിയ ചക്രവര്‍ത്തിയുടെ ഈ കുറിപ്പാണ് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. സമൂഹമാധ്യമങ്ങളില്‍ നിന്ന് നെഗറ്റീവ് പ്രതികരണം വന്നതോടെ വിശദീകരണവുമായി റിയ രംഗത്തെത്തി. മഹേഷ് ഭട്ട് തനിക്ക് പിതൃതുല്യനാണെന്നും തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ദുഃഖമുണ്ടെന്നും അവര്‍ പ്രതികരിച്ചു. സുശാന്തിന്റെ മരണശേഷം ആ ചിത്രങ്ങളും കുറിപ്പും വീണ്ടും ചര്‍ച്ചയായി.

സുശാന്തിന്റെ മനോനില തകരാറിലാണെന്നും താരവുമായുളള പ്രണയബന്ധത്തില്‍ നിന്നു പിന്മാറുന്നതാണ് നല്ലതെന്നും റിയയ്ക്ക് ഉപദേശം നല്‍കിയത് മഹേഷ് ഭട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം നിരൂപകന്‍ സുഭാഷ് ജായാണ് വെളിപ്പെടുത്തിയത്. സംവിധായകന്‍ മഹേഷ് ഭട്ടിന്റെ അടുത്ത സുഹൃത്തായ സുഹൃത്ത് സെന്‍ഗുപ്ത പറഞ്ഞ ചില കാര്യങ്ങളും ജാ വെളിപ്പെടുത്തിയരുന്നു. ബോളിവുഡില്‍ വീണ്ടുമൊരു പര്‍വീണ്‍ ബാബി കൂടി ഉണ്ടായിരിക്കുകയാണ് എന്നാണ് സുശാന്തിന്റെ മനോനില വീണ്ടും തെറ്റിയപ്പോള്‍ മഹേഷ് ഭട്ട് പറഞ്ഞത്. കാമുകി റിയാ ചക്രവര്‍ത്തിയോട് അദ്ദേഹത്തെ വിട്ടുപോകാനും ഭട്ട് ഉപദേശിച്ചിരുന്നു. സെന്‍ഗുപ്ത ഇക്കാര്യം പറഞ്ഞെന്നും സുഭാഷ് ജാ പറയുന്നു. എന്നാല്‍, കാര്യങ്ങള്‍ ഇങ്ങനെ ആയിരുന്നില്ല എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

സുശാന്തിന്റെ മനോനില തകരാറിലായതിനാണ് മഹേഷ് ഭട്ട് സടക് 2 എന്ന ചിത്രത്തില്‍ നിന്ന് താരത്തെ മാറ്റിയതിനു കാരണമായി പറഞ്ഞു കേട്ടിരുന്നത്. പക്ഷേ, ആ ചിത്രത്തിന്റെ തിരക്കഥ വായിച്ചതിനുശേഷം സുശാന്ത് തന്നെ ആ പ്രൊജക്ടില്‍ നിന്നു പിന്മാറായതാണെന്ന് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇതില്‍ അസ്വസ്ഥനായ മഹേഷ് ഭട്ട് സുശാന്തിന്റെ മനോനില തകരാറിലാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു. റിയ ചക്രവര്‍ത്തിയെ സുശാന്തില്‍ നിന്ന് അകറ്റുന്നതിനും ബോധപൂര്‍വം ഇടപെട്ടത് മഹേഷ് ഭട്ടാണെന്നും ചിലര്‍ ആരോപിക്കുന്നു. അതിനാല്‍ സുശാന്തിന്റെ മരണത്തിനു പിന്നില്‍ മഹേഷ് ഭട്ടിന്റെ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഇവര്‍ വാദിക്കുന്നു.

സുശാന്തുമായി പ്രണയത്തിലായിരുന്നുവെന്ന് റിയ സമ്മതിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിയയും സുശാന്തും മാസങ്ങളോളം ഒരുമിച്ച് താമസിച്ചു. നവംബറില്‍ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാന്‍ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ ലോക്ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും റിയ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും റിയയെ സുശാന്ത് വിളിച്ചിരുന്നു. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സുശാന്ത് വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നെന്നും റിയ പൊലീസിനോട് പറഞ്ഞു. മരുന്ന് കഴിക്കാതെ ജീവിത ശൈലി ക്രമീകരിക്കാനാണ് സുശാന്ത് ശ്രമിച്ചിരുന്നത്. ഇതിനായി യോഗയും ധ്യാനവും ചെയ്തിരുന്നു. മരുന്ന് കഴിക്കാന്‍ തയ്യാറായില്ലെന്നും റിയ പറഞ്ഞു.

കൂടുതല്‍ അന്വേഷണത്തിനായി റിയ, തന്റെ ഫോണ്‍ പോലീസിന് കൈമാറിയിരുന്നു. റിയയും സുശാന്തും കൈമാറിയ സന്ദേശങ്ങളും ചിത്രങ്ങളും പോലീസ് വിശദമായി പരിശോധിച്ചിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയെക്കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ പത്തിലേറെ മൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയത്..

സുശാന്തിന്റെ മരണത്തിനു മുന്‍പ് അദ്ദേഹത്തിന്റെ മനേജരായിരുന്ന യുവതി ആത്മഹത്യ ചെയ്തത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നതായിരുന്നു. ഇതിനോടു ചേര്‍ന്നു രണ്ടു മരണങ്ങളുടെ കൂടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സുശാന്തിന്റെ സുഹൃത്തും മേക്കപ്പ് ആര്‍ടിസ്റ്റുമായ മോണിക്ക മുവയാണ് ആ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒരു മാസത്തെ ഇടവേളയില്‍ സുശാന്തിന്റെ രണ്ടു സുഹൃത്തുക്കള്‍ കൂടി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടതായി മോണിക്ക വെളിപ്പെടുത്തി.

മെയ് 15ന് സുശാന്തിന്റെ സുഹൃത്തായ മന്‍മീത് ഗ്രെവാളിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മെയ് 26ന് താരത്തിന്റെ മറ്റൊരു സുഹൃത്ത് പ്രേക്ഷ മെഹ്തയും ആത്മഹത്യ ചെയ്തു. പ്രേക്ഷയും തൂങ്ങി മരിക്കുകയായിരുന്നു. അതിനു പിന്നാലെ ജൂണ്‍ 9ന് സുശാന്തിന്റെ മാനേജര്‍ ദിഷ കെട്ടിടത്തില്‍ നിന്നു ചാടി ജീവനൊടുക്കി. ഒരാഴ്ചയുടെ ഇടവേളയില്‍ സുശാന്തും ജീവനൊടുക്കി. ഈ നാലു മരണങ്ങള്‍ സ്വാഭാവികമായി സംഭവിച്ചെന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് മോണിക്കയുടെ ആരോപണം.

മഹേഷ് ഭട്ടുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന റിയയ്ക്ക് ഈ മരണങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായ വിവരങ്ങള്‍ അറിയാമെന്നും മോണിക്ക ആരോപിക്കുന്നു. എന്തായാലും സിനിമയെ വെല്ലുന്ന വഴിത്തിരിവുകളാണ് സുശാന്തിന്റെ മരണത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. സമൂഹമാധ്യമത്തില്‍ ഉയരുന്ന ഇത്തരം ആരോപണങ്ങളോട് ഭട്ടിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment