രാജ്നാഥ് സിങ് അടിയന്തരമായി റഷ്യയില്‍ പറന്നിറങ്ങിയത് പിന്നിലെ ഉദ്ദേശം?

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുന്ന ഘട്ടത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടിയന്തരമായി റഷ്യയില്‍ പറന്നിറങ്ങിയത് ഇന്നു നടക്കുന്ന വിക്ടറി ദിന പരേഡില്‍ പങ്കെടുക്കാന്‍ മാത്രമല്ലെന്ന് പ്രതിരോധവൃത്തങ്ങള്‍. ഇന്ത്യയുടെ പക്കലുള്ള റഷ്യന്‍ നിര്‍മിത പോര്‍വിമാനങ്ങളിലും യുദ്ധക്കപ്പലുകളിലും ഉപയോഗിക്കാന്‍ പാകത്തില്‍ അത്യാധുനിക പടക്കോപ്പുകള്‍ എത്രയും പെട്ടെന്ന് എത്തിക്കാനാണ് പ്രതിരോധമന്ത്രി തന്നെ നേരിട്ടു മിന്നല്‍ സന്ദര്‍ശനം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിയെ പരാജയപ്പെടുത്തിയതിന്റെ ഓര്‍മയ്ക്കായി മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ നടക്കുന്ന ഗ്രാന്‍ഡ് പരേഡില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് രാജ്നാഥ് സിങ്ങാണ്. ഇന്നലെ റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷ്യോഗു, ഉപപ്രധാനമന്ത്രി യൂറി ബോറിസോവ് തുടങ്ങിയവരുമായി രാജ്നാഥ് സിങ് നിര്‍ണായക ചര്‍ച്ച നടത്തി. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലങ്കിലും റഷ്യയുമായി ഉണ്ടാക്കിയിട്ടുള്ള പ്രതിരോധ കരാറുകള്‍ പ്രകാരം കൂടുതല്‍ ആയുധങ്ങള്‍ അടിയന്തരമായി വാങ്ങുന്നതു ലക്ഷ്യമിട്ടാണ് രാജ്നാഥ് സിങ് ഈ ഘട്ടത്തില്‍ റഷ്യന്‍ സന്ദര്‍ശനം നടത്തുന്നതെന്നാണു വിവരം. പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍, ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ഹരികുമാര്‍ എന്നിവരാണ് മന്ത്രിക്കൊപ്പമുള്ളത്.

500 കോടിയുടെ ആയുധങ്ങള്‍ ഉടനടി വാങ്ങാന്‍ മൂന്നു സേനാ വിഭാഗങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഇന്ത്യ പകുതിയോളം പടക്കോപ്പുകളും വാങ്ങിയിട്ടുള്ളത് റഷ്യയില്‍നിന്നാണ്. ഇപ്പോള്‍ മൂന്നു സേനകളും റഷ്യന്‍ നിര്‍മിത പോര്‍വിമാനങ്ങളിലും ടാങ്കുകളിലും യുദ്ധക്കപ്പലുകളിലും അന്തര്‍വാഹിനികളിലും ഉപയോഗിക്കാന്‍ കഴിയുന്ന പടക്കോപ്പുകള്‍ വാങ്ങാനുള്ള നീക്കത്തിലാണ്.

ജൂണ്‍ 15-നാണ് അതിര്‍ത്തില്‍ ചൈനയുമായി സംഘര്‍ഷമുണ്ടായത്. ജൂണ്‍ 19-നു വൈകിട്ടാണ് രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനവിവരം ഇന്ത്യ മോസ്‌കോയെ അറിയിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ത്തന്നെ റഷ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെയും പരേഡിനു ക്ഷണിച്ചിരുന്നു. എന്നാല്‍ അവസാനനിമിഷമാണ് രാജ്നാഥ് സിങ് റഷ്യയിലേക്കു പറക്കാന്‍ തീരുമാനിച്ചത്.

10 ബില്യന്‍ ഡോളറിന്റെ ആയുധക്കരാറാണ് ഇന്ത്യയും റഷ്യയും തമ്മില്‍ നിലവിലുള്ളത്. അടുത്തിടെ റഷ്യയില്‍നിന്ന് ആണവഅന്തര്‍വാഹിനി മൂന്നു ബില്യന്‍ ഡോളറിന് വാടകയ്ക്കെടുക്കാനുള്ള കരാറിലും ഒപ്പുവച്ചിരുന്നു. 950 മില്യന്‍ ഡോളറിന് രണ്ട് ക്രിവാക് യുദ്ധക്കപ്പലുകള്‍ വാങ്ങാനും പദ്ധതിയുണ്ട്. എന്നാല്‍ അടിയന്തരമായി പരിഗണനയിലുള്ളത് രണ്ടു കരാറുകളാണ്. ഇതു 33 പോര്‍വിമാനങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. 12 എസ് യു-30 എംകെഐ പോര്‍വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കും. 21 മിഗ്-29 വിമാനങ്ങളുടെ നവീകരണത്തിന് 1.4 ബില്യന്‍ ഡോളറിന്റെ കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. എസ് 400 ട്രയംഫ് വ്യോമപ്രതിരോധ മിസൈല്‍ സംവിധാനവും എത്രയും പെട്ടെന്നു നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ 5 മിസൈല്‍ യൂണിറ്റുകളാണ് ഇന്ത്യ വാങ്ങുന്നത്. 2014-ല്‍ വാങ്ങിയ ഇതേ മിസൈല്‍ യൂണിറ്റാണ് ഇപ്പോള്‍ ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്.

ഇതിനു പുറമേ 200 കമോവ് കെഎ-226 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍ക്കായി ഒരു ബില്യന്‍ ഡോളറിന്റെ ധാരണാപത്രം 2018 ജൂണില്‍ ഒപ്പുവച്ചിട്ടുണ്ട്. ഏഴു ലക്ഷത്തോളം എകെ-203 റൈഫിളുകള്‍ സംയുക്ത സംരംഭമായി ഇന്ത്യയില്‍ നിര്‍മിക്കാനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. പത്ത് കമോവ് കെഎ-31 ഹെലികോപ്റ്റുകള്‍ റഷ്യയില്‍നിന്നു 3,600 കോടി രൂപയ്ക്കു വാങ്ങാനും ധാരണയായിട്ടുണ്ട്. ഇതിനുള്ള കരാര്‍ അടുത്തുതന്നെ ഒപ്പുവയ്ക്കും.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment