സ്വന്തം മരണം, പ്രവചനം സത്യമായി; മോഹന്‍ലാലിന്റെ വഴികാട്ടി, സ്വാമി രാമാനന്ദ സരസ്വതി അന്തരിച്ചു

കൊല്ലൂര്‍ : സ്വാമി രാമാനന്ദ സരസ്വതി (ചന്തുക്കുട്ടി സ്വാമി98) അന്തരിച്ചു. സ്വന്തം ദേഹവിയോഗത്തെക്കുറിച്ചു സ്വാമി പറഞ്ഞ വാക്കില്‍ മാറ്റമുണ്ടായില്ല. കൊല്ലൂര്‍ രാമാനന്ദാശ്രമ സ്ഥാപകനും കൊല്ലൂരില്‍ തീര്‍ഥാടകരുടെ ആത്മീയ വഴികാട്ടിയുമായിരുന്ന സ്വാമി ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ് അന്തരിച്ചത്.

നടന്‍ മോഹന്‍ലാലിനെ 35 വര്‍ഷം മുന്‍പ് ആദ്യമായി കുടജാദ്രിയിലേക്കു കൂട്ടിക്കൊണ്ടുപോയത് സ്വാമിയായിരുന്നു. അദ്ദേഹത്തെ പോലെ പല പ്രമുഖരുടെയും കൊല്ലൂരിലെ വഴികാട്ടി കൂടിയായിരുന്നു സ്വാമി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ലാലിനെ കൊച്ചിയിലെ വീട്ടിലെത്തി കാണുമ്പോഴും സ്വാമി പറഞ്ഞു. 2020ല്‍ ആണ് ദേഹവിയോഗം.

ഒന്നര വര്‍ഷം മുന്‍പ് ഒടിയന്‍ സിനിമയുടെ ലൊക്കേഷനിലും കണ്ടുമുട്ടി. ‘ഇനി കാണില്ല, ഒന്നര വര്‍ഷം കൂടിയേ ആയുസ്സുള്ളൂ’. ഇതായിരുന്നു സ്വാമി ലാലിനോട് അവസാനമായി പറഞ്ഞത്. അവിടുത്തെ നീര്‍ച്ചോലയില്‍ കുളിച്ചതും സ്വാമി ഉണ്ടാക്കി നല്‍കിയ കഞ്ഞി കുടിച്ച് അവിടെ ചാക്ക് പുതച്ച് ഉറങ്ങിയതുമെല്ലാം ലാല്‍ മുന്‍പ് ഓര്‍ത്തെടുത്തിട്ടുണ്ട്.

സ്വാമി നിത്യാനന്ദയുടെ ശിഷ്യനാണ്. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ സ്വാമി 50 വര്‍ഷം മുന്‍പ് കൊല്ലൂരില്‍ എത്തിയതാണ്. ക്ഷേത്ര പരിസരത്തും കുടജാദ്രി മലമുകളിലെ ഗുഹയിലുമായി വര്‍ഷങ്ങളോളം ജീവിച്ചു. പിന്നീട് മൂകാംബികാ ദേവീ ക്ഷേത്ര പരിസരത്ത് രാമാനന്ദാശ്രമം സ്ഥാപിച്ചു.

കുടജാദ്രിയിലേക്കു റോഡും വാഹനവും ഇല്ലാതിരുന്ന കാലത്ത് കാല്‍നടയായി കുടജാദ്രിയിലെത്താന്‍ ഒട്ടേറെപ്പേര്‍ക്കു വഴികാട്ടിയായതു സ്വാമിയായിരുന്നു. സംസ്‌കാരം കൊല്ലൂര്‍ സൗപര്‍ണിക തീരത്തുള്ള പൊതുശ്മശാനത്തില്‍ നടന്നു.

follow us pathram online

pathram:
Related Post
Leave a Comment