പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ എന്ന് ഹൈക്കോടതി

കൊച്ചി: വിദേശത്തുനിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ്19 പരിശോധന നിര്‍ബന്ധമാക്കണമെന്ന വ്യവസ്ഥ വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോ എന്ന് ഹൈക്കോടതി. പ്രവാസികളെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എത്തിക്കുന്ന കാര്യത്തില്‍ േകന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ ആശയവിനിയങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ചാര്‍ട്ടേര്‍ഡ് വിമാനത്തിലെത്തുന്നവര്‍ക്ക് എന്‍ഒസി നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദേശം.

വിമാനങ്ങള്‍ക്ക് എന്‍ഒസി നല്‍കണമെങ്കില്‍ യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന്റേതാണെന്നാണ് കേന്ദ്രം അറിയിച്ചത്. ഇക്കാര്യത്തില്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചത് കേന്ദ്രസര്‍ക്കാരായതിനാല്‍ ഈ നിര്‍ദേശം കേന്ദ്രവും അംഗീകരിച്ചതായി കരുതേണ്ടിവരുമെന്ന് കോടതി പറഞ്ഞു. എന്‍ഒസി നല്‍കേണ്ടത് സംസ്ഥാനമാണെന്നും അതിന് ഇത്തരത്തിലൊരു നിബന്ധനവച്ചാല്‍ എതിര്‍ക്കാനാകില്ലെന്നുമായിരുന്നു കേന്ദ്രം കോടതിയില്‍ എടുത്ത നിലപാട്. ചാര്‍ട്ടേര്‍ഡ് വിമാനത്തിലെത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് ഒഴിവാക്കണമെന്ന ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റിവച്ചു.

FOLLOW US: pathram online

pathram:
Related Post
Leave a Comment