ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ കൈകള്‍ കെട്ടി, കണ്ണുകള്‍ മൂടി.. തട്ടികൊണ്ടുപോകല്‍, മര്‍ദനം; 12 മണിക്കൂര്‍ പാക് ക്രൂരത

ഇസ്‌ലാമാബാദ് : ഹൈക്കമ്മിഷന്‍ ഓഫിസിന് അടുത്തുള്ള പെട്രോള്‍ പമ്പില്‍നിന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയതെന്ന് റിപ്പോര്‍ട്ട്. ദൃക്‌സാക്ഷികളെന്ന് അവകാശപ്പെടുന്നവരെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാക്കിസ്ഥാന്‍ സമയം തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് ഒരു കൂട്ടമാളുകള്‍ ഇവരെ പിടിച്ചുകൊണ്ടുപോയത്. ആറു വാഹനങ്ങളിലായി 15–-16 പേരെത്തിയായിരുന്നു തട്ടിക്കൊണ്ടുപോകല്‍.

ഉദ്യോഗസ്ഥരുടെ കൈകള്‍ കെട്ടി, കണ്ണുകള്‍ മൂടിയിരുന്നു. ഏകദേശം 10 മിനിറ്റ് സഞ്ചരിച്ച് അജ്ഞാതമായ സ്ഥലത്ത് ഇരുവരെയുമെത്തിച്ചു. ആറു മണിക്കൂറോളം ചോദ്യം ചെയ്തു. ഇരുമ്പുകമ്പികളും തടിയുമുപയോഗിച്ച് ഇരുവരെയും നിരന്തരം ഉപദ്രവിച്ചു. ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരുടെ ജോലിയും പ്രത്യേക ചുമതലകളുമാണു ചോദിച്ചറിഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ അലക്ഷ്യമായി ഓടിച്ച കാര്‍ വഴിയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്നും, കാറിലുണ്ടായിരുന്നവരെ ജനം പിടികൂടി പൊലീസില്‍ ഏല്‍പിച്ചെന്നുമാണു പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരാണെന്നു മനസ്സിലായതെന്നാണു പൊലീസ് പറഞ്ഞത്. പിടിച്ചുകൊണ്ടു പോയവര്‍, തങ്ങളാണ് അപകടമുണ്ടാക്കിയതെന്ന് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഡല്‍ഹിയില്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചതോടെയാണ് ഉദ്യോഗസ്ഥരെ വിട്ടയച്ചത്. ഔദ്യോഗിക ആവശ്യത്തിനായി തിങ്കളാഴ്ച ഹൈക്കമ്മിഷനു പുറത്തേക്കു പോയ 2 ഉദ്യോഗസ്ഥരും ലക്ഷ്യസ്ഥലത്ത് എത്തിയിരുന്നില്ല.

ഇവരെ കാണാതായെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ പാക്ക് വിദേശകാര്യ മന്ത്രാലയത്തോടു പരാതിപ്പെട്ടു. കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ നിന്ന് (സിഐഎസ്എഫ്) ഡപ്യൂട്ടേഷനില്‍ ഹൈക്കമ്മിഷനില്‍ പ്രവര്‍ത്തിക്കുന്നവരും നയതന്ത്ര പരിരക്ഷ ഇല്ലാത്തവരുമാണ് ഉദ്യോഗസ്ഥര്‍. ഉദ്യോഗസ്ഥരുടെ കഴുത്തിലും മുഖത്തും കാലിലും പരുക്കേറ്റിട്ടുണ്ട്. പരുക്കുകളൊന്നും അപകടകരമല്ല. ചാരപ്രവര്‍ത്തനത്തെ തുടര്‍ന്ന് രണ്ടു പാക്ക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണു പാക്കിസ്ഥാന്റെ നടപടിയെന്നാണു വിലയിരുത്തല്‍.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Leave a Comment