മരണസംഖ്യകളുടെ പുനഃപരിശേധന : മഹാരാഷ്ട്രയില്‍ കോവിഡ് മരണസംഖ്യ ഗണ്യമായി ഉയരും

മുംബൈ: കോവിഡ് കണക്കില്‍പ്പെടുത്താത്ത നൂറുകണക്കിന് മരണങ്ങളില്‍ പുനഃപരിശോധന നടത്താന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനോട് (ബിഎംസി) മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതോടെ നഗരത്തിലെ കോവിഡ് മരണസംഖ്യ ഗണ്യമായി ഉയരും. മരണസംഖ്യ 400-500 വരെ ഉയരുമെന്ന് ഒന്നിലധികം വൃത്തങ്ങള്‍ സൂചിപ്പിച്ചു. മുംബൈയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം തിങ്കളാഴ്ച 2,250 ആയി ഉയര്‍ന്നിരുന്നു.

എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ജില്ലകളും മരണസംഖ്യകളുടെ പുനഃപരിശേധന നടത്തിയെന്ന് വ്യക്തമാക്കി പ്രിന്‍സിപ്പല്‍ ഹെല്‍ത്ത് സെക്രട്ടറി ഡോ. പ്രദീപ് വ്യാസ് ജൂണ്‍ 11 ന് നാഗരിക സമിതിക്ക് നോട്ടിസ് നല്‍കി. ജൂണ്‍ 15 നകം ഇക്കാര്യം പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി അജോയ് മേത്ത നിര്‍ദ്ദേശിച്ചതായി നോട്ടിസില്‍ പറയുന്നു. കണക്കുകളില്‍ പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ ഗൗരവമായി കാണുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പല കേസുകളിലും പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മരണസംഖ്യ പുനഃപരിശോധന ചെയ്യാനുള്ള തീരുമാനമെടുത്തതെന്ന് അജോയ് മേത്ത പറഞ്ഞു. 1897 ലെ എപ്പിഡെമിക് ഡിസീസ് ആക്ട് അനുസരിച്ച്, ഒരു പകര്‍ച്ചവ്യാധിക്ക് പോസിറ്റീവ് സ്ഥിരീകരിച്ച ഒരാളുടെ മരണം ആ പകര്‍ച്ചവ്യാധി മൂലമുള്ള മരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച രോഗി ഹൃദയസ്തംഭനം കാരണം മരിച്ചാല്‍, മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണത്തെ ഹൃദയസ്തംഭനമായി പരാമര്‍ശിക്കാമെന്നും എന്നാല്‍ ഇത് കോവിഡ് മരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത 2-3 ദിവസത്തിനുള്ളില്‍ ഇക്കാര്യം പൂര്‍ത്തിയാക്കുമെന്നും ശേഷം പരസ്യപ്പെടുത്തുമെന്നും മേത്ത കൂട്ടിച്ചേര്‍ത്തു. വിവരങ്ങള്‍ മറയ്‌ക്കേണ്ട കാര്യമില്ല. കണക്കുകള്‍ കഴിയുന്നത്ര സുതാര്യമായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആരെങ്കിലും മനഃപൂര്‍വ്വം കോവിഡ് മരണമെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നഗരത്തിലെ 951 കോവിഡ് മരണങ്ങള്‍ ബിഎംസി കണക്കില്‍പ്പെടുത്തിയിട്ടില്ലെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു. 951 കേസുകളില്‍ വിവിധ ആശുപത്രികളില്‍ 500 കേസുകള്‍ കോവിഡ് മരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഡെത്ത് ഓഡിറ്റ് കമ്മിറ്റി ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

എല്ലാ ജില്ലകളിലും കോര്‍പ്പറേഷന്‍ തലങ്ങളിലും ഡെത്ത് ഓഡിറ്റ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. കോവിഡ്, നോണ്‍-കോവിഡ് കേസുകള്‍ തിരിച്ചറിയുന്നതിന് ലോകാരോഗ്യ സംഘടനയുടെയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെയും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ട്. യഥാര്‍ഥ മരണ കണക്കുകള്‍ വെളിപ്പെടുത്തരുതെന്ന് ആരാണ് കമ്മിറ്റിയില്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് അറിയണം. ഓഡിറ്റ് കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ എന്ത് നടപടിയെടുക്കുമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട് ചെയ്യാത്ത 951 കേസുകളില്‍ 560 എണ്ണം മേയിലെയും 148 എണ്ണം ജൂണിലെയുമാണ്. 951 കേസുകളില്‍ 500 എണ്ണം ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ബാക്കി 451 ല്‍ 351 മരണങ്ങള്‍ നോണ്‍-കോവിഡ് ആണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും 100 കേസുകളില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ 451 മരണങ്ങള്‍ കമ്മിറ്റി വീണ്ടും പരിശോധിച്ച് കോവിഡ് -19 വെബ് പോര്‍ട്ടലില്‍ വിശദാംശങ്ങള്‍ അപ്ലോഡ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മറ്റു ജില്ലകളിലും സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment