കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ 300 ലധികം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. മുംബൈയില്‍ ഓരോ ദിവസവും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ആശുപത്രികള്‍ നിറഞ്ഞു കഴിഞ്ഞു. ഇതിനിടെ ഒരു വേറിട്ട റിപ്പോര്‍ട്ട് പുറത്തുവരുന്നു. കോവിഡ് കാലത്ത് ചരിത്രം സൃഷ്ടിച്ച് നായര്‍ ആശുപത്രി. കോവിഡ് ബാധിതരായ സ്ത്രീകള്‍ ഇവിടെ ജന്മം നല്‍കിയ ശിശുക്കളുടെ എണ്ണം 300 കവിഞ്ഞിരിക്കുന്നു. ഇന്ത്യയില്‍ മറ്റൊരു ആശുപത്രിക്കും ഇപ്രകാരമുള്ള ഒരുനേട്ടം അവകാശപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. മുംബൈ സെന്‍ട്രലില്‍ ബൃഹന്‍ മുംബൈ നഗരസഭയുടെ കീഴിലുള്ള ഈ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 302ാമത്തെ കുട്ടിയാണ് പിറന്നത്.

നവജാതശിശുക്കളില്‍ മൂന്നുപേര്‍ മരിച്ചു. പക്ഷേ അതൊന്നും വൈറസ് ബാധയേറ്റുള്ള മരണമായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചില കുട്ടികള്‍ ഒഴികെ ബാക്കിയുള്ള എല്ലാവരും വൈറസ് വിമുക്തരായിരുന്നു. വൈറസ് ബാധയേറ്റ കുട്ടികളെല്ലാം നാല്, അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ രോഗവിമുക്തരായെന്നും ആശുപത്രി അധികൃതര്‍പറഞ്ഞു.

ഏപ്രില്‍ 14 നാണ് കോവിഡ് ബാധിതയായ സ്ത്രീ ഇവിടെ പ്രസവിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നായര്‍ ആശുപത്രിയെ സര്‍ക്കാര്‍ കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചതു മുതല്‍ മുംബൈയില്‍നിന്ന് മാത്രമല്ല സമീപ പ്രദേശങ്ങളില്‍നിന്നുള്ള കോവിഡ് ബാധിതരായ സ്ത്രീകളും പ്രസവത്തിന് ഇവിടെ എത്തിയിരുന്നു.

ഡോക്ടര്‍മാര്‍ മുതല്‍ വാര്‍ഡ് ജീവനക്കാര്‍ വരെ അമ്മമാരുടേയും കുട്ടികളുടേയും ആരോഗ്യ പരിരക്ഷയ്ക്കായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരില്‍ പലരും മൂന്നുമാസമായി വീടുകളില്‍ പോയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

follow us: pathram online latest news

pathram:
Leave a Comment