നവംബറില്‍ കോവിഡ് വ്യാപനം പരമാവധിയിലെത്തും; അഞ്ച് മാസം കൂടി ഇതേപോലെ തുടരും

രാജ്യത്ത് കോവിഡ് വ്യാപനം പരമാവധിയിലെത്തുക നവംബര്‍ പകുതിയോടെയെന്ന് ഐസിഎംആര്‍ നിയോഗിച്ച ഗവേഷണ സംഘത്തിന്റെ പഠനം. 5 മാസം കൂടി കോവിഡ് വ്യാപനം ഇതേപടി തുടരും. പരാമാവധിയിലെത്തുന്നതോടെ, ഐസൊലേഷന്‍ വാര്‍ഡുകള്‍, തീവ്രപരിചരണ കിടക്കകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവയുടെ ദൗര്‍ലഭ്യമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഐസിഎംആര്‍ നിയോഗിച്ച ഓപ്പറേഷന്‍സ് റിസര്‍ച് ഗ്രൂപ്പിന്റേതാണു പഠനം.

കോവിഡ് പരമാവധിയിലെത്തുന്നത് ലോക്ഡൗണ്‍ 34 മുതല്‍ 76 ദിവസം വരെ വൈകിപ്പിച്ചു. 6997% രോഗവ്യാപനം കുറയ്ക്കുകയും ചെയ്തു. ലോക്ഡൗണിനുശേഷം പൊതുജനാരോഗ്യ നടപടികള്‍ 60% വരെ ഫലപ്രദമാക്കി. മരണനിരക്ക് 60% കണ്ട് കുറയ്ക്കാനുമായി. മഹാമാരിയുടെ സാമ്പത്തിക ആഘാതം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 6.2 ശതമാനത്തോളം വരുമെന്നും പഠനത്തില്‍ പറയുന്നു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8049 പേര്‍ രോഗമുക്തരായോടെ ഇന്ത്യയിലെ കോവിഡ് രോഗമുക്തിനിരക്ക് 50 ശതമാനം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുവരെ രോഗംബാധിച്ച 3,20,922 പേരില്‍ 1,62,378 പേര്‍ രോഗമുക്തി നേടി. നിലവില്‍ രോഗമുക്തി നിരക്ക് 50.60%.

കോവിഡ് ബാധിച്ചവരില്‍ പകുതി പേരും രോഗത്തില്‍ നിന്നു മുക്തരായെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൃത്യസമയത്തെ രോഗ നിര്‍ണ്ണയവും ശരിയായ ചികിത്സയുമാണ് രോഗമുക്തിയിലേക്കുള്ള വഴി. ഇപ്പോള്‍ 1,49,348 പേരാണ് ചികിത്സയിലുള്ളത്. 9195 രോഗികള്‍ മരിച്ചു.

കൊറോണ വൈറസ് കണ്ടെത്തുന്നതിനുള്ള പരിശോധനാ ശേഷി ഐസിഎംആര്‍ വര്‍ധിപ്പിച്ചെന്നും മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ 646ഉം, സ്വകാര്യമേഖലയില്‍ 247ഉം ഉള്‍പ്പടെ മൊത്തം 893 ലാബുകള്‍ രാജ്യത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,51,432 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ പരിശോധിച്ച ആകെ സാംപിളുകള്‍ 56,58,614 ആണ്.

ചെന്നൈയില്‍ 31 പേരടക്കം തമിഴ്‌നാട്ടില്‍ 38 പേര്‍ ഞായറാഴ്ച കോവിഡ് ബാധിച്ചു മരിച്ചു. സംസ്ഥാനത്തെ ആകെ മരണം 435 ആയി. ആകെ രോഗികള്‍ 44,661. ചെന്നൈയില്‍ മാത്രം 31,896 രോഗികള്‍. മഹാരാഷ്ട്രയില്‍ ഞായറാഴ്ച 3390 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 120 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,958 ആയി. 3,950 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

രാജ്യത്തെ 18 ശതമാനം രോഗികളും മഹാരാഷ്ട്രയിലാണ്. 12 ശതമാനം പേര്‍ ഡല്‍ഹിയിലും ഒന്‍പത് ശതമാനം തമിഴ്‌നാട്ടിലും. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ പുതുതായി രോഗം സ്ഥിരീകരിച്ച 80 ശതമാനം ജില്ലകളും വടക്കുക്കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. അസമിലും ത്രിപുരയിലുമാണ് കൂടുതല്‍ കേസുകള്‍. ലഡാക്കില്‍ കഴിഞ്ഞ രണ്ട് ദിവസമായി നൂറിലധികം പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

follow us: pathram online latest news

pathram:
Leave a Comment