സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍

കൊച്ചി : മൂവാറ്റുപുഴയില്‍ സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍. ദുരഭിമാനത്തിന്റെ പേരില്‍ സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ബേസില്‍ എല്‍ദോസാണ് പൊലീസ് പിടിയിലായത്. മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിനടുത്ത് ഒഴിഞ്ഞ കെട്ടിടത്തില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് വൈകിട്ടോടെ പൊലീസ് പിടികൂടിയത്. ഞായറാഴ്ച വധശ്രമത്തിനു ശേഷം ഈ പുരയിടത്തിലെത്തിയ പ്രതി ഇവിടെത്തന്നെ രാത്രി കഴിച്ചു കൂട്ടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ബേസിലിനെ ബൈക്കില്‍ രക്ഷപെടാന്‍ സഹായിച്ച പ്രായപൂര്‍ത്തിയാകാത്ത യുവാവിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു.

ഇയാളില്‍ നിന്ന് ഉച്ചയോടെ തന്നെ പ്രതി താമസിക്കുന്ന വീടിനെക്കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ബേസിലിനെ കണ്ടെത്തിയത്. രക്ഷപെടുന്നതിന് പ്രതി ഉപയോഗിച്ച ബൈക്ക് സംഭവസ്ഥലത്തു നിന്നു കണ്ടെത്തി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും അറസ്റ്റ് നടപടികള്‍ സ്വീകരിക്കുന്നതിനുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഞായറാഴ്ച വൈകിട്ട് 4.50നാണ് നൂറ്റിമുപ്പത് കവലയ്ക്ക് സമീപത്തെ മെഡിക്കല്‍ ഷോപിനു മുന്നില്‍ വച്ച് പണ്ടിരിമല തടിയിലക്കുടിയില്‍ ശിവന്റെ മകന്‍ അഖിലിനു (19) വെട്ടേറ്റത്.

ബേസിലിന്റെ സഹോദരിയുമായി പ്രണയത്തിലായതിന്റെ പേരില്‍ അഖിലിനെ നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കവലയില്‍ ഇവിടെ മാസ്‌ക് വാങ്ങുന്നതിനാണ് അഖില്‍ കൂട്ടുകാരനൊപ്പം എത്തിയത്. യുവാവ് പുറത്തേക്കിറങ്ങിയ വിവരം അറിഞ്ഞ് ബൈക്കില്‍ എത്തിയ ബേസില്‍ കടയില്‍ നിന്ന് വിളിച്ചിറക്കി അഖിലിനെ വടിവാളെടുത്ത് കഴുത്തിലും കൈയ്ക്കും വെട്ടുകയായിരുന്നു. ഇതിനിടെ അഖിലിന് ഒപ്പമുണ്ടായിരുന്ന അരുണ്‍ എന്ന യുവാവിനും പരുക്കേറ്റു.

വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ അഖില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെട്ടേറ്റ ഉടനെ അഖിലിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ അപ്പോള്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. നിലവില്‍ അപകടനില തരണം ചെയ്തതായാണു വിവരം.

Follow us: pathram online

pathram:
Related Post
Leave a Comment