ഗര്‍ഭിണിയായ കാട്ടാനയോടു മനുഷ്യന്‍ കാട്ടിയ കൊടും ക്രൂരതയെ വിമര്‍ശിച്ച് കോഹ് ലി

മുംബൈ: പാലക്കാട് ഗര്‍ഭിണിയായ കാട്ടാന ഭക്ഷണത്തിലൊളിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തില്‍ ദുഃഖം പ്രകടിപ്പിച്ച് കായികലോകം. ആനയോടു മനുഷ്യന്‍ കാട്ടിയ കൊടും ക്രൂരതയെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും കേരളാ ബ്ലാസ്‌റ്റേഴ്‌സും രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെയാണ് കോലിയും കേരളാ ബ്ലാസ്‌റ്റേഴ്‌സും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്. ചരിഞ്ഞ ആന ഗര്‍ഭിണിയായിരുന്നുവെന്ന് കാണിക്കുന്ന ഹൃദ്യമായൊരു ചിത്രത്തോടു കൂടിയാണ് കോലി സംഭവത്തോട് പ്രതികരിച്ചത്.

‘കേരളത്തില്‍ സംഭവിച്ച കാര്യം അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. മൃഗങ്ങളെയും ഏറ്റവും ഇഷ്ടത്തോടെ നമുക്ക് പരിഗണിക്കാം. ഇത്തരം ക്രൂരതകള്‍ അവസാനിപ്പിക്കേണ്ട സമയമായി’ – കോലി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ലോഗോയിലെ ആനയുടെ ചിത്രം അവ്യക്തമാക്കിയാണ് സംഭവത്തോട് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പ്രതികരിച്ചത്. ചിത്രത്തോടൊപ്പം ഒരു കുറിപ്പുമുണ്ട്.

ആരേയും ഉപദ്രവിക്കാത്ത ഒരു സാധു മൃഗത്തോട് ചിലര്‍ ചെയ്ത ക്രൂരമായ പ്രവര്‍ത്തിയെക്കുറിച്ച് അറിഞ്ഞു. അതികഠിനമായ വേദന സഹിച്ചാണ് ആ സാധു മൃഗം ചരിഞ്ഞത്. ഗര്‍ഭിണിയായ ആനയ്ക്ക് പടക്കം ഭക്ഷണമായി നല്‍കുന്നതില്‍ രസം കണ്ടെത്തിയ ചിലരാണ് ഈ നിര്‍ഭാഗ്യകരമായ സംഭവത്തിനു പിന്നില്‍. ഒരു സംസ്ഥാനം പതിറ്റാണ്ടുകളായി ജ്ഞാനത്തിന്റെയും വിശ്വസ്തതയുടെയും പ്രതീകമായി കാണുന്ന ആന എന്ന ജീവി നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്. അതുകൊണ്ടു തന്നെ ഈ പ്രവര്‍ത്തിയെ എല്ലാവരും അപലപിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു – ബ്ലാസ്‌റ്റേഴ്‌സ് കുറിപ്പില്‍ വ്യക്തമാക്കി.

സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് നടന്‍ പൃഥിരാജും രംഗത്ത് എത്തിയിരുന്നു. ആവശ്യത്തിലധികം ചെയ്തു കഴിഞ്ഞു. എന്നിട്ടും വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ ഗ്രഹത്തില്‍ ഒരു സ്ഥാനത്തിന് നമ്മള്‍ അര്‍ഹരല്ലെന്ന്..’ വാര്‍ത്ത പങ്കുവച്ച് പൃഥ്വി കുറിച്ചു. സംഭവത്തില്‍ പ്രതികരണവുമായി നടന്‍ രാജേഷ് ശര്‍മ രംഗത്ത് എത്തിയിരുന്നു. മറ്റൊരു സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ആനയുടെ വായ പൂര്‍ണമായും തകര്‍ന്നിരുന്നു. അത് മാത്രമല്ല സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച ഈ കാട്ടന ഗര്‍ഭിണി കൂടിയായിരുന്നു. മറ്റൊരാളുടെ കുറിപ്പ് പങ്കുവച്ച് നടന്‍ രാജേഷ് ശര്‍മയും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു ഈ സംഭവത്തില്‍ നടന്റെ പ്രതികരണം.

കുറിപ്പ് വായിക്കാം:

മലപ്പുറത്ത് കാട്ടാനയ്ക്കു പൈനാപ്പിളില്‍ പടക്കം വച്ചു കൊടുത്തു. വിശന്നു വലഞ്ഞ ആ പിടിയാന സന്തോഷത്തോടെ കഴിച്ചു. വായില്‍ വച്ചു പടക്കം പൊട്ടി അതീവ ഗുരുതരമായി പരഴക്കേറ്റു. വായുടെ ഒരു ഭാഗവും, നാവും പൊളിഞ്ഞു പോയി. അസഹ്യമായ വേദനയോടെ അലഞ്ഞു തിരിഞ്ഞ ആ പിടിയാന പക്ഷെ ആരെയും ഉപദ്രവിച്ചില്ല. ദിവസങ്ങളോളം ഒന്നും കഴിക്കാനാകാതെ, വൃണങ്ങളില്‍ പുഴുവും ഈച്ചയുമായി അസഹ്യമായ വേദന താങ്ങാനാവാതെ നദിയില്‍ ഇറങ്ങി വായ വെള്ളത്തില്‍ താഴ്ത്തി നിന്നു. വേദനയ്ക്ക് കുറവ് വരാനോ അല്ലെങ്കില്‍ ഈച്ചകളില്‍ നിന്നും രക്ഷപെടാനോ ആയിരിക്കാം…

രക്ഷാ പ്രവര്‍ത്തനം തുടങ്ങി, രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവള്‍ വെള്ളത്തില്‍ നിന്നും കയറാന്‍ തയ്യാറായില്ല. ഒടുവില്‍ നിന്ന നില്പില്‍ അവള്‍ ചരിഞ്ഞു. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ മറ്റൊന്ന് കൂടി കണ്ടെത്തി…ആ പിടിയാന ഗര്‍ഭിണി ആയിരുന്നു.

എല്ലാം തന്റെ കാല്‍കീഴില്‍ ആണെന് അഹങ്കരിച്ച മനുഷ്യന്‍ ഒന്നു കാണാന്‍ പോലും സാധിക്കാത്ത ഒരു വൈറസിന് മുന്‍പില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു…കൊറോണയല്ല ഏതു തരം വൈറസ് വനാലും നന്നാവില്ല നമ്മള്‍… ഇമ്മാതിരി ചെയ്തുകള്‍ കാരണം മഹാമാരികള്‍ മനുഷ്യനെ നശിപ്പിച്ചു കൊണ്ടിരിക്കുക തന്നെ ചെയ്യും…നീയൊക്കെ ചെയ്ത ഈ ക്രൂരകൃത്യത്തിന് മുന്നില്‍ ഒരു മനുഷ്യനായി ജനിച്ചതില്‍ ലജ്ജിക്കുന്നു…ആ പൊലിഞ്ഞ ജീവനു മുന്‍പില്‍ കൈകൂപ്പുന്നു….മാപ്പ്…

തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറില്‍ മേയ് 27നാണ് 15 വയസ്സു പ്രായം വരുന്ന പിടിയാന ചരിഞ്ഞത്. മേയ് 25നാണ് ആനയെ വായ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. അതിനും ഒരാഴ്ച മുമ്പ് പരുക്കേറ്റതായാണ് ഫോറസ്റ്റ് സര്‍ജന്‍ അറിയിച്ചത്. വായിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. ഈച്ചകളും മറ്റും അരിക്കുന്നത് ഒഴിവാക്കാന്‍ വെള്ളത്തിലിറങ്ങി വായ താഴ്ത്തി നില്‍ക്കുന്ന നിലയിലാണ് കണ്ടെത്തയത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആനയെ രക്ഷപെടുത്തുന്നതിന് രണ്ട ്കുങ്കിയാനകളെ കൊണ്ടുവന്ന് രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. സൈലന്റ്!വാലി മേഖലയില്‍ നിന്നുള്ള ആനയാണ് ഇതെന്നാണ് കരുതുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആന ഗര്‍ഭിണിയായിരുന്നു എന്ന് കണ്ടെത്തിയത് എല്ലാവരെയും സങ്കടത്തിലാഴ്ത്തി.

Follow us _ pathram online

pathram:
Leave a Comment