രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതു മാറ്റി ‘ഭാരത്’ എന്നാക്കണം; വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതു മാറ്റി ‘ഭാരത്’ എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടുന്നതിന് സുപ്രീം കോടതി വിസമ്മതം അറിയിച്ചു. ഇത്തരത്തിലൊരു പേരുമാറ്റത്തിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ കോടതിക്ക് നിര്‍ദേശം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

‘ഞങ്ങള്‍ക്ക് അതു ചെയ്യാന്‍ സാധിക്കില്ല. ഭരണഘടനയില്‍ ഇന്ത്യയെ ഭാരത് എന്നും വിളിക്കുന്നുണ്ട്’– ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 1 പരാമര്‍ശിച്ച് ബോബ്‌ഡെ അറിയിച്ചു. ഇതേ ആവശ്യവുമായി ഹര്‍ജിക്കാരന് വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഹര്‍ജി കോടതി തള്ളി. സമാനമായ ആവശ്യവുമായെത്തിയ ഒരു ഹര്‍ജി 2016ല്‍ സുപ്രീം കോടതി തള്ളിയിരുന്നു.

‘ഇന്ത്യ’ എന്ന പേര് കൊളോണിയല്‍ കാലഘട്ടത്തിലെ ‘ഹാങ് ഓവര്‍’ ഉള്ളതാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കൂടാതെ രാജ്യത്തിന്റെ സംസ്‌കാരം പേരില്‍ ഇല്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ നഗരങ്ങള്‍ പലതും പേരുമാറ്റുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ എന്ന പേരും മാറ്റണമെന്നും ആവശ്യപ്പെട്ടു.

Follow us _ pathram online

pathram:
Related Post
Leave a Comment