അധ്യാപികമാര്‍ക്ക് എതിരെ മോശം കമന്റ് : തലച്ചോറിന്റെ സ്ഥാനത്ത് ലിംഗം ഫിറ്റ് ചെയ്ത് ആലോചിക്കുന്നവന് എന്ത് അധ്യാപിക, എന്ത് അമ്മ എന്ന് ഡോ. ഷിംന അസീസ്

ഇന്നലെ ഓണ്‍ലൈന്‍ ക്ലാസിലൂടെ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ ക്ലാസ് എടുത്ത അധ്യാപികമാര്‍ക്ക് എതിരെ മോശം തരത്തിലുള്ള പ്രചരണങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇതിനെതിരെ പലരും രംഗത്തെത്തി. ഇപ്പോള്‍ ഡോ. ഷിംന അസീസും ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.

മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ്, ടീച്ചറും. എന്ന് വെച്ചാല്‍ പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുമായി ദിവസവും നേരിട്ട് ഇടപെടുന്നൊരാള്‍. ആ കൂട്ടത്തില്‍ മിക്കവരും തന്നെ ‘സുഹൃത്ത്’ എന്ന ഗണത്തില്‍ പെടുന്നവരാണ്. അവര്‍ക്ക് ഏത് നേരവും ഓടി വരാവുന്ന ഒരു കൂട്ടുകാരിയായേ നില്‍ക്കാറുള്ളൂ. രണ്ടക്ഷരം പറഞ്ഞ് കൊടുക്കുന്നതിന്റെ വിലയും ഈ വകയില്‍ വ്യക്തമായറിയാം.

ഇന്നൊരു കൗതുകത്തിന്റെ പേരിലാണ് കുഞ്ഞു മക്കള്‍ക്കായുള്ള ഓണ്‍ലൈന്‍ ക്ലാസ് കണ്ടത്. ഉള്ളത് പറഞ്ഞാല്‍ നല്ല രസം തോന്നി. ഒന്നാം ക്ലാസുകാരുടെ വിഷയമൊക്കെ കേള്‍ക്കുമ്പോള്‍ നമ്മളും ആസ്വദിച്ചിരുന്ന് കണ്ടു പോകും. അജ്ജാതി പൊളി ക്ലാസ്. ലാപ്‌ടോപ്പില്‍ പണി ചെയ്യുന്ന നേരത്ത് അപ്പുറത്തെ ടാബില്‍ പാട്ടിന് പകരം ഈ ക്ലാസുകളായിരുന്നു.

അതിന്റിടയിലാണ് ടീച്ചര്‍മാരുടെ വീഡിയോകള്‍ക്ക് ചുവട്ടിലും സോഷ്യല്‍ മീഡിയയിലുമൊക്കെ ‘കളി തരുമോ?’ എന്നൊക്കെയുള്ള കമന്റ് കണ്ടത്. ഇവന്‍മാരെയൊക്കെ ഇതെഴുതാന്‍ വേണ്ടി വാക്കും വാചകവും പഠിപ്പിച്ച ടീച്ചര്‍മാര്‍ ഇതറിഞ്ഞാല്‍ നാണക്കേട് കൊണ്ട് എവിടേലും തല വെച്ചടിച്ച് മയ്യത്താകും.

ഇത്രയും ഉളുപ്പില്ലാത്ത മലയാളി വല്ലാത്ത ദുരന്തമാണ്. ടീച്ചറെയും ഡോക്ടറെയും നേഴ്‌സിനെയുമൊന്നും ഗ്ലോറിഫൈ ചെയ്യുന്നതില്‍ വല്ല്യ കഥയൊന്നും കാണുന്നില്ല. എന്നാലും, ഒരു ക്യാമറയെ നോക്കി ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളോട് മിണ്ടുന്ന പോലെ ആത്മവിശ്വാസത്തോടെ ക്ലാസെടുക്കാന്‍ ചില്ലറ കഴിവൊന്നും പോരെടോ വഷളന്‍ ഞരമ്പ് രോഗീ…

അതൊക്കെ ഇപ്പോ എന്തിനറിയണം എന്നാവും. അതേ, ആ ബോധം ഉണ്ടെങ്കില്‍ ഇങ്ങനാണോ !!

സാരിക്കകത്തുള്ള പെണ്ണല്ല, അവള്‍ ചെയ്യുന്ന കര്‍മ്മം കാണാന്‍ ആദ്യം പെണ്ണിനെ മനുഷ്യനായി കാണാന്‍ പഠിക്കണം.

പറഞ്ഞിട്ടൊരു കാര്യവുമില്ല. തലച്ചോറിന്റെ സ്ഥാനത്ത് ലിംഗം ഫിറ്റ് ചെയ്ത് ആലോചിക്കുന്നവന് എന്ത് അധ്യാപിക, എന്ത് അമ്മ.

കൊല്ലം 2020, ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയ സാക്ഷര കേരളത്തിലെ ആദ്യ ദിനം.

അല്ല, പറഞ്ഞെന്നേള്ളൂ…

Dr. Shimna Azeez

Follow us _ pathram online

pathram:
Related Post
Leave a Comment