കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം…

കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്. കേസുകളുടെ എണ്ണത്തിൽ ഫ്രാൻസിനെയും ജർമനിയെയും രാജ്യം മറികടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ റെക്കോർഡ് വേഗത്തിലാണ് കുതിച്ചുയരുന്നത്. ഡൽഹിയിൽ പതിനൊന്ന് ഡോക്ടർമാർ അടക്കം 13 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു.

കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഒൻപതാം സ്ഥാനത്തായിരുന്ന രാജ്യം ഒറ്റദിവസം കൊണ്ടാണ് രണ്ട് രാജ്യങ്ങളെ മറികടന്ന് ഏഴാം സ്ഥാനത്തേക്ക് എത്തിയത്. അമേരിക്ക, ബ്രസീൽ, റഷ്യ, സ്‌പെയിൻ, യു.കെ, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം ഒന്ന് മുതൽ ആറ് വരെ സ്ഥാനങ്ങളിൽ. മഹാരാഷ്ട്രയിൽ ഇതുവരെ 67,655 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകളുടെ 34 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്.

തമിഴ്‌നാട്ടിലും കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. 1149 പേർക്കാണ് ഒടുവിലായി രോഗം സ്ഥിരീകരിച്ചത്. ആകെ കൊവിഡ് കേസുകൾ 22,333ഉം മരണം 173ഉം ആയി. ഡൽഹിയിൽ പോസിറ്റീവ് കേസുകൾ ഇരുപതിനായിരത്തിലേക്ക് അടുക്കുകയാണ്. മരണം 473 ആയി ഉയർന്നു. രാജ്യതലസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് രോഗം പിടിപ്പെടുന്നത് തുടരുകയാണ്. ലോകനായിക് ആശുപത്രിയിലെ എട്ട് ഡോക്ടർമാർ, ലേഡി ഹാർഡിങ് മെഡിക്കൽ കോളജിലെ മൂന്ന് ഡോക്ടർമാർ, എയിംസിലെ കൺസൾട്ടന്റ്, ഹിന്ദു റാവു ആശുപത്രിയിലെ നഴ്‌സ് എന്നിവർക്കാണ് ഒടുവിലായി രോഗം സ്ഥിരീകരിച്ചത്.

ഗുജറാത്തിൽ 438 പുതിയ കേസുകളും 31 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 16794ഉം മരണം 1038ഉം ആയി. ചെന്നൈയിൽ നിന്ന് മടങ്ങിയെത്തിയ 45 പേർക്ക് ത്രിപുരയിൽ രോഗം സ്ഥിരീകരിച്ചു.

pathram desk 2:
Leave a Comment