ആഘോഷങ്ങളില്ലാതെ ഇന്ന് ചെറിയ പെരുന്നാള്‍

ആഘോഷങ്ങള്‍ ഒഴിവാക്കി ഇന്ന് ചെറിയ പെരുന്നാള്‍. കോവിഡ് പ്രതിസന്ധിയില്‍ പതിവ് ആഘോഷപ്പെരുമകള്‍ ഇല്ലാതെയാണ് ഇത്തവണ പെരുന്നാള്‍ എത്തുന്നത്. വിശ്വാസികളെക്കൊണ്ട് സജീവമാകേണ്ട പള്ളികളെല്ലാം കോവിഡിനെ പ്രതിരോധിക്കാനായി അടഞ്ഞുകിടന്നതോടെ പ്രാര്‍ഥന വീടുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങി. സുരക്ഷ മുന്‍നിര്‍ത്തി പള്ളികളിലും ഈദ്ഗാഹുകളിലും നിസ്‌കാരങ്ങള്‍ ഒഴിവാക്കിയിരുന്നു.

ലോകം മഹാരോഗത്തിന്റെ ഭീതിയില്‍ കഴിയവേ പെരുനാളാഘോഷം ആശ്വസിപ്പിക്കലിന്റെയും പ്രാര്‍ത്ഥനയുടെയും സുദിനമായിരിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമാധാനത്തോടുകൂടി ജീവിക്കുക, നാം എല്ലാവരും ഒന്നാണ് എന്ന പ്രഖ്യാപനം കൂടിയാണ് ഈദുല്‍ഫിത്തറെന്നും അദ്ദേഹം പറഞ്ഞു.

ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഞായറാഴ്ച സമ്പൂര്‍ണ അടച്ചിടലില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്‌റ്റോറുകള്‍, ചെരിപ്പുകടകള്‍ എന്നിവ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുമണിവരെ തുറക്കാം.

ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറുമുതല്‍ 11 വരെ അനുവദിക്കും. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ വാഹനങ്ങളില്‍ അന്തര്‍ജില്ലാ യാത്രകള്‍ നടത്താം. സാമൂഹിക അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍ തുടങ്ങിയവ കര്‍ശനമായി പാലിക്കണം.

pathram:
Leave a Comment