പ്രവാസികളുമായി കേരളത്തിലേക്ക് 38 വിമാനങ്ങൾ

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്നു വിമാനത്തിലും കപ്പലിലുമായി ഇതുവരെ 5,815 പേർ നാട്ടിലെത്തി. ജൂൺ 2 വരെ 38 വിമാനങ്ങൾ കേരളത്തിലേക്കുണ്ടാകും. യുഎഇയിൽ നിന്ന് 8, ഒമാൻ 6, സൗദി 4, ഖത്തർ 3, കുവൈത്ത് 2 എന്നിങ്ങനെയാണു വിമാനങ്ങൾ എത്തുക. ബഹ്റൈൻ, ഫിലിപ്പീൻസ്, മലേഷ്യ, യുകെ, യുഎസ്, ഓസ്ട്രേലിയ, ഫ്രാൻസ്, ഇന്തൊനീഷ്യ, അർമീനിയ, തജിക്കിസ്‌ഥാൻ, യുക്രെയ്ൻ, അയർലൻഡ്, ഇറ്റലി, റഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്ന് ഓരോ വിമാനം വീതവും കേരളത്തിലെത്തും. 6530 യാത്രക്കാരാണ് ആകെ എത്തുക.

അതേ സമയം ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ ഡൽഹി-തിരുവനന്തപുരം പ്രത്യേക ട്രെയിൻ ഡൽഹിയിൽ നിന്നു നാളെ പുറപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പഞ്ചാബ്, കർണാടക, തെലങ്കാന, ആന്ധ്ര, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, യുപി, ജാർഖണ്ഡ്, ഒഡീഷ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു പ്രത്യേക ട്രെയിൻ ഏർപ്പെടുത്താനുളള നടപടി അന്തിമഘട്ടത്തിലാണ്.

ഒരു സംസ്ഥാനത്തു നിന്നോ ഒരു സ്റ്റേഷനിൽ നിന്നോ 1200 യാത്രക്കാർ ആകുമ്പോഴാണു സ്പെഷൽ ട്രെയിൻ അനുവദിക്കുക. പുറപ്പെടുന്ന സംസ്ഥാനത്ത് ആവശ്യമെങ്കിൽ ഒരു സ്റ്റോപ് കൂടി അനുവദിക്കണമെന്നു റെയിൽവേയോടു ആവശ്യപ്പെട്ടിട്ടുണ്ട്. registernorkaroots.org ലിങ്കിൽ ടിക്കറ്റ് നിരക്ക് ഓൺലൈനായി നൽകാം. ഇവർക്ക് ട്രെയിൻ ടിക്കറ്റ് ലഭിച്ചാൽ വിശദാംശങ്ങൾ ഫോൺ സന്ദേശമായി കിട്ടും. ഇതു സംസ്ഥാനത്തേക്കു പ്രവേശിക്കാനുള്ള പാസ് ആയും കണക്കാക്കാം.

നാട്ടിലേക്കു മടങ്ങുന്നവർ പുറപ്പെടുന്ന സംസ്ഥാനത്തിന്റെയും എത്തിച്ചേരുന്ന സംസ്ഥാനത്തിന്റെയും പാസ് മാത്രം കരുതിയാൽ മതിയെന്നും ഇടയ്ക്കുള്ള സംസ്ഥാനം അതിൽ ഇടപെടാൻ പാടില്ലെന്നു തന്നെയാണു കേന്ദ്രം നിർദേശിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ പ്രവേശിപ്പിക്കില്ലെന്ന കർണാടകയുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞു.

pathram desk 2:
Related Post
Leave a Comment