തിരുവനന്തപുരം: ലോക്ഡൗണ്‍ നാലാം ഘട്ടം പ്രഖ്യാപിച്ചതോടെ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടിവരും. കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ച് സ്‌കൂളുകളും കോളജുകളും തുറക്കാനാവില്ല. ഈ സാഹചര്യത്തില്‍ തീയതികളില്‍ മാറ്റം വരുത്തേണ്ടതായി വരും. കൂടാതെ ഇപ്പോള്‍ തുടങ്ങിയ ഉത്തരപ്പേപ്പര്‍ മൂല്യനിര്‍ണയവും തുടരാനാവില്ല.
പൊതുഗതാഗതം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നതാണ് കേന്ദ്രനിര്‍ദേശത്തില്‍ പറയുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും അന്തഃസംസ്ഥാന യാത്രയ്ക്ക് തടസ്സമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര അനുമതിയോടെ, രോഗവ്യാപനത്തിന്റെ തോതനുസരിച്ച് സോണുകള്‍ നിര്‍ണയിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കാര്യമായ ഇളവ് തുടര്‍ന്നുമുണ്ടാകില്ല.
Leave a Comment