ഗുജറാത്തില്‍ കുതിച്ചുയര്‍ന്ന കോവിഡിനെ പിടിച്ചുകെട്ടാന്‍ അമിത് ഷാ പറന്നിറങ്ങി, ഒപ്പം എയിംസ് മേധാവിയും

അഹമ്മദാബാദ്: ഗുജറാത്തില്‍ കോവിഡിനെ പിടിച്ചുകെട്ടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ രംഗത്തിറങ്ങി. അമിത് ഷായുടെ നിര്‍ദേശ പ്രകാരം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഗുജറാത്തിലെത്തി. അഹമ്മദാബാദിലെ ആശുപത്രിയിലെത്തിയ ഡോ. രണ്‍ദീപ് ഗുലേറിയ, അവിടുത്തെ ഡോക്ടര്‍മാര്‍ക്ക് കോവിഡ് ചികിത്സയില്‍ നിര്‍ദേശങ്ങള്‍ നല്‍കി.ഗുജറാത്തില്‍ രോഗബാധ കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് അമിത് ഷാ, എയിംസ് മേധാവിയെ തന്നെ രംഗത്തിറക്കിയത്. 7,403 കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 449 പേര്‍ മരിച്ചു. മഹാരാഷ്ട്രയ്ക്കു ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് ഗുജറാത്ത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 390 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,872 പേര്‍ രോഗമുക്തി നേടി.

ശ്വാസകോശരോഗ വിദഗ്ധനായ ഡോ. രണ്‍ദീപ് ഗുലേറിയയും മെഡിസിന്‍ വിഭാഗം ഡോക്ടറായ മനീഷ് സുരേജയുമാണ് ഇന്നലെ വൈകിട്ട് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ അഹമ്മദാബാദിലെത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നഗരത്തിലെ എസ്‌വിപി ആശുപത്രിയും സംഘം സന്ദര്‍ശിക്കും. അഹമ്മാദാബാദ് സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ ഡോ. ഗുലേറിയ, ചികിത്സാ രീതി സംബന്ധിച്ച് ഉപദേശം നല്‍കി. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായും ഇവര്‍ കൂടിക്കാഴ്ച നടത്തും.

ഗുജറാത്തില്‍ മേയ് 2 വരെ 5,054 രോഗികളാണ് ഉണ്ടായിരുന്നത്. ആറു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം 7,403 ആയി ഉയര്‍ന്നു. അതായത് 46.47% വര്‍ധന. ഈ കാലയളവില്‍ മരണനിരക്ക് 71.37 ശതമാനമാണു വര്‍ധിച്ചത്. മേയ് 2 വരെ 236 പേര്‍ മരിച്ചിരുന്നു. മേയ് 7 ആയപ്പോള്‍ അത് 449 ആയി. ആകെ രോഗികളുടെ 88.8 ശതമാനവും മൂന്നു ജില്ലകളില്‍നിന്നാണ്. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് അഹമ്മദാബാദിലാണ് 5,260 പേര്‍. സൂറത്തില്‍ 824 പേര്‍ക്കും വഡോദരയില്‍ 465 പേര്‍ക്കും രോഗബാധയുണ്ട്. 449 പേര്‍ മരിച്ചതില്‍ 343 എണ്ണവും അഹമ്മദാബാദിലാണ്. സൂറത്തില്‍ 38 പേരും വഡോദരയില്‍ 31 പേരും മരിച്ചു.

അഹമ്മദാബാദില്‍ ആളുകള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് അധികൃതര്‍ക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. ഷാപുരില്‍ വെള്ളിയാഴ്ച വൈകിട്ട് സംഘം ചേര്‍ന്ന് പുറത്തിറങ്ങിയ ആളുകള്‍ പൊലീസിനെ ആക്രമിച്ചു. വീടുകളിലേക്കു മടങ്ങാനുള്ള നിര്‍ദേശം അവഗണിച്ച് പൊലീസിനു നേരെ കല്ലെറിയുകയായിരുന്നു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പത്തു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് പറഞ്ഞു.

രാജ്യത്ത് ആകെയുള്ള കോവിഡ് രോഗികളില്‍ 60% എട്ടു പ്രധാന നഗരങ്ങളില്‍നിന്നാണ്. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍നിന്നാണ് ആകെയുള്ളതിന്റെ 42% രോഗികളും ഉള്ളത്. ഗുജറാത്തില്‍ രോഗവ്യാപനവും മരണനിരക്കും ദിനംപ്രതി വര്‍ധിക്കുന്നത് കടുത്ത ആശങ്കയാണു കേന്ദ്രസര്‍ക്കാരിനും ബിജെപി നേതൃത്വത്തിനും സൃഷ്ടിക്കുന്നത്. ശക്തമായ ഇടപെടലുകളാണ് രണ്ടു ദിവസമായി കേന്ദ്രസര്‍ക്കാര്‍ ഗുജറാത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അടുപ്പക്കാരായ ഉദ്യോഗസ്ഥരെ മാറ്റി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിച്ചിരുന്നു.

അഹമ്മദാബാദിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. രാജീവ് കുമാര്‍ ഗുപ്തയെ ഏല്‍പ്പിച്ചു. അഹമ്മദാബാദ് മുന്‍സിപ്പല്‍ കമ്മിഷണര്‍ വിജയ് നെഹ്‌റയെ രണ്ടാഴ്ചത്തെ ഹോം ക്വാറന്റീനില്‍വിട്ട് ഗാന്ധിനഗറില്‍നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ മുകേഷ് കുമാറിനു ചുമതല നല്‍കി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ പങ്കജ് കുമാറിനെ ആരോഗ്യവകുപ്പില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഇന്‍ ചാര്‍ജ് ആയി നിയമിച്ചു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവിയുടെ അധികാരം വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമാണിതെന്നു പറയപ്പെടുന്നു. ജയന്തി രവിയുടെ പ്രവര്‍ത്തനങ്ങളില്‍ ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയാണുള്ളത്.

ഏറ്റവും കൂടുതല്‍ രോഗികളും മരണനിരക്കും ഉള്ള അഹമ്മദാബാദില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. പച്ചക്കറി, പലചരക്കു കടകള്‍ ഒരാഴ്ച അടച്ചിടും. റെഡ് സോണുകളില്‍ ബാങ്കുള്‍പ്പെടെ പ്രവര്‍ത്തിക്കില്ല. അടച്ചിട്ട സ്വകാര്യ ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കാനും അവിടുത്തെ ഡോക്ടര്‍മാരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിയോഗിക്കാനും തീരുമാനിച്ചു. സാമൂഹിക നിയന്ത്രണം ഉറപ്പാക്കാനായി ഏഴു കമ്പനി കേന്ദ്രസേനയെ നിയോഗിച്ചു.

pathram:
Leave a Comment