കേരളത്തിന് ആശ്വസിക്കാം; രോഗികളില്ലാത്ത ആദ്യ ദിനം

കോവിഡ് വ്യാപനത്തിന് ശേഷം രോഗികളില്ലാത്ത ആദ്യദിനം. 55 ദിവസത്തിന് ശേഷം ഒരാള്‍ക്ക് പോലും കോവിഡ് സ്ഥിരീകരിക്കാത്ത ആദ്യ ദിവസം. ഇന്ന് സംസ്ഥാനത്ത് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാർത്താക്കുറിപ്പിൽ അറിയിച്ചു. കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് പോസറ്റീവ് കേസുകൾ ഇല്ലാത്ത ഒരു ദിവസമുണ്ടാകുന്നത്.

9 പേര്‍ ഇന്ന് രോഗമുക്തരായി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും 4 വീതവും എറണാകുളത്ത് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 392 പേര്‍ രോഗമുക്തരായി. 102 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലുമാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

രാജ്യത്തെ കോവിഡ് ബാധിതരുടെ 35,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,993 പുതിയ കേസുകളും 73 മരണങ്ങളുമാണു റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 35,043 ആയി. മരണസംഖ്യ 1,147 ആയി ഉയര്‍ന്നു. ഇതുവരെ 8,889 പേര്‍ക്കു രോഗം ഭേദമായി. രോഗം ഭേദമാകുന്നവരുടെ ശതമാനം 13-ല്‍നിന്ന് 25.37 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 3.4 ദിവസത്തില്‍നിന്ന് 11 ദിവസമായ മാറിയതും ശുഭസൂചനയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്താകെ 130 റെഡ്‌സോണുകളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. 319 ജില്ലകള്‍ ഗ്രീന്‍ സോണിലും 284 ജില്ലകള്‍ ഓറഞ്ച് സോണിലുമാണ്. ഇന്നലെത്ത കണക്കനുസരിച്ച് ആകെ രോഗികളില്‍ 10,498 പേരും മഹാരാഷ്ട്രയിലാണ്. ഗുജറാത്ത് (4082), ഡല്‍ഹി (3439), രാജസ്ഥാന്‍ (2438), മധ്യപ്രദേശ് (2660), തമിഴ്‌നാട് (2323), ഉത്തര്‍പ്രദേശ് (2203), ആന്ധ്ര (1403), തെലങ്കാന(1012) എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം 1000 കടന്നു.

രാജ്യത്തെ ജില്ലകളെ റെഡ്, ഓറഞ്ച് സോണുകളായി അടയാളപ്പെടുത്തുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. പുതിയ കേസുകൾ ഉയരുമ്പോഴും കുറയുമ്പോഴും ഇതു ചെയ്യണം. കേസുകൾ, ടെസ്റ്റിങ് നിരക്ക്, ജനസംഖ്യ തുടങ്ങിയവരുടെ അടിസ്ഥാനത്തിലാണ് ജില്ലകളെ റെഡ്, ഓറഞ്ച് സോണുകളായി തിരിക്കുന്നതെന്നും ലവ് അഗർവാൾ പറഞ്ഞു. 19, 398 വെന്റിലേറ്ററുകൾ ഇന്ത്യയിൽ ലഭ്യമാണെന്നും 60,884 എണ്ണം വാങ്ങുന്നതിന് ഓർഡർ നൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തദ്ദേശ സ്ഥാപനങ്ങളോടൊപ്പം ചേർന്ന് സിആർ‌പിഎഫ് അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബിഎസ്എഫും ഐടിബിപിയും കോവിഡിനെതിരെ പോരാടുന്നുണ്ട്. കർഷകരെ വിളകൾ വിൽക്കുന്നതിനായി അസം റൈഫിളും സഹായിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.

അതിനിടെ കൊറോണ വൈറസ് വ്യാപനം തുടരുന്നതിനിടെ ആശ്വാസം നല്‍കുന്ന ഒരു പഠനം. മേയ് 21 ഓടെ കൊറോണ വൈറസിന്റെ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യയ്ക്കു സാധിക്കുമെന്നു മുംബൈ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പബ്ലിക് പോളിസിയുടെ പ്രബന്ധത്തില്‍ പറയുന്നു. സാമ്പത്തിക വിദഗ്ധരായ നീരജ് ഹതേക്കര്‍, പല്ലവി ബെലേക്കര്‍ എന്നിവരുടേതാണു പഠനം. മേയ് ഒന്ന് രാവിലെയുള്ള കണക്കുപ്രകാരം 25,007 കേസുകളാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്. 1147 പേര്‍ മരിച്ചു.

‘ദ് എന്‍ഡ് ഈസ് നിയര്‍: കൊറോണ സ്റ്റബിലൈസിങ് ഇന്‍ മോസ്റ്റ് ഇന്ത്യന്‍ സ്‌റ്റേറ്റ്‌സ്’ എന്ന പ്രബന്ധത്തിലാണു നിര്‍ണായക വിവരങ്ങളുള്ളത്. കര്‍ശനമായ ലോക്ഡൗണ്‍ നടപടികള്‍ എടുത്തതിനാല്‍ മേയ് ഏഴിനോടകം മിക്കവാറും സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താനാകും. വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പാറ്റേണ്‍ വിശദമായി പഠിച്ചാണ് പഠനം തയാറാക്കിയത്. വൈറസിന്റെ പെരുകലും ജനിതക പ്രത്യേകതകളും വിലയിരുത്തിയ സംഘം, മേയ് 21ന് അകം കൊറോണ രാജ്യമാകെ നിലയ്ക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

വലിയ തോതിൽ അതിഥി തൊഴിലാളികൾ രാജ്യത്തിന്റെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നതു ലോക്ഡൗൺ നേട്ടങ്ങളെ കുറച്ചേക്കുമെന്നും പഠനസംഘം ഇക്കണോമിക്സ് ടൈംസിനോടു പറഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ കേസുകളുടെ എണ്ണം 24,222 ആകുമെന്നു പഠനം പ്രവചിക്കുന്നു. വ്യാഴാഴ്ച സംസ്ഥാനത്തെ കോവിഡ് ബാധിതർ 9915 ആയിരുന്നു. മേയ് 7 ആകുമ്പോൾ ഗുജറാത്തിൽ 4833 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാമെന്നും ഇവർ പറയുന്നു.

pathram:
Leave a Comment