എറണാകുളം കോവിഡ് മുക്ത ജില്ല; അവസാന രോഗിയും ആശുപത്രി വിടുന്നുയായി

കൊച്ചി : എറണാകുളം ജില്ലയില്‍ കോവിഡ് ചികിത്സയിലിരിക്കുന്ന അവസാന രോഗിയും ആശുപത്രി വിടുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗി ഇന്ന് വൈകിട്ട് നാലിന് ഡിസ്ചാര്‍ജ് ആകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ എറണാകുളം കോവിഡ് മുക്തമാവുകയാണ്.

ഇന്ന് ആശുപത്രി വിടുന്ന രോഗിയുടെ പരിശോധനാഫലം കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയുടെയും ഫലവും നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്. ആശുപത്രി വിട്ടാലും ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കോവിഡ് വ്യാപന പട്ടികയില്‍ ജില്ല ഗ്രീന്‍ സോണില്‍ പെട്ടതിനു പിന്നാലെയാണ് അവസാന കോവിഡ് രോഗിയും ആശുപത്രി വിടുന്നത്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരെല്ലാം രോഗവിമുക്തരായെങ്കിലും ജാഗ്രത കുറയ്ക്കാന്‍ സമയമായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. പ്രതിരോധ നടപടികള്‍ ശക്തമായി തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വ്യാഴാഴ്ച വൈകിട്ട് വരെയുള്ള കണക്കനുസരിച്ച് ജില്ലയില്‍ 16 പേര്‍ കൂടി ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ 698 പേര്‍. ഇതില്‍ 401 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 297 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. അതേസമയം, ഇന്നലെ എറണാകുളത്ത് ലഭിച്ച 106 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. സമൂഹവ്യാപന പരിശോധനയ്ക്കായെടുത്ത 70 സാംപിളുകളും ഇതില്‍ പെടും.

pathram:
Leave a Comment