മലപ്പുറത്തെ അതിഥി തൊഴിലാളികളുടെ പ്രശ്‌നം പരിഹരിച്ചു

മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പ് എന്ന സ്ഥലത്ത് കെട്ടിട ഉടമകളായ ഉമ്മര്‍, അരക്കകത്ത് സലാം, അഹമ്മദ് കുട്ടി, എന്നിവരുടെ ക്വാട്ടേഴ്‌സില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളികള്‍ ഇന്ന് രാവിലെ ഒന്‍പതു മണിക്ക് നടത്തിയ പ്രതിഷേധം അധികൃതരുടെ ഇടപെടലില്‍ അവസാനിച്ചു.
ചട്ടിപ്പറമ്പില്‍ 3 കെട്ടിടങ്ങളിലായി ഏകദേശം 162-ഓളം അതിഥി തൊഴിലാളികളാണ് താമസിക്കുന്നത്.

ഇവരില്‍ ഏകദേശം 100 ഓളം വരുന്ന അതിഥി തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. കേരളത്തില്‍ താമസ, ഭക്ഷണ സൗകര്യങ്ങളില്‍ തങ്ങള്‍ക്ക് പ്രശ്‌നങ്ങളില്ല. എന്നാല്‍ തങ്ങളുടെ മാതൃസംസ്ഥാനത്ത് കുടുംബം പട്ടിണിയിലായതിനാല്‍ മടങ്ങിപ്പോകാന്‍ അവസരമൊരുക്കണമെന്നതായിരുന്നു അവര്‍ ഉന്നയിച്ച പ്രശ്‌നം.

ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥിന്റെ ഉത്തരവിന്റെയടിസ്ഥാനത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ.ശ്രീലാല്‍ മലപ്പുറം ജില്ലാ ലേബര്‍ ഓഫീസര്‍ ടി.വി.രാഘവന് അടിയന്തരമായി വിഷയത്തിലിടപെടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ജില്ലാ ലേബര്‍ ഓഫീസറും പെരിന്തല്‍മണ്ണ അസിസ്റ്റന്റ് ലേബര്‍ ഓഫീസറും സംഘവും പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ ,ഡി.വൈ.എസ്.പി-യുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം എന്നിവര്‍ സ്ഥലത്തെത്തി അതിഥി തൊഴിലാളികളുമായി ചര്‍ച്ച നടത്തി.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വാഹന സൗകര്യം ഉറപ്പാകുമ്പോള്‍ തിരിച്ചു പോകാന്‍ അവസരമൊരുക്കും എന്ന ഉറപ്പില്‍ പ്രശ്‌നം പരിഹരിച്ചു. അനാവശ്യമായി കൂട്ടം ചേര്‍ന്നതിനും പ്രകടനം നടത്തിയതിനും പ്രതിഷേധക്കാര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

pathram desk 2:
Leave a Comment