സര്‍ക്കാര്‍ ജീവനക്കാര്‍ ‘ആരോഗ്യസേതു ആപ്’ നിര്‍ബന്ധമാക്കി

ന്യുഡല്‍ഹി: കൊവിഡ് 19 വ്യാപനം തടയാന്‍ പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ ‘ആരോഗ്യസേതു ആപ്’ നിര്‍ബന്ധമാക്കി. മൊബൈല്‍ ഫോണില്‍ ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്യണമെന്നും ദിവസവും ജോലിക്ക് പോകും മുന്‍പ് സ്വയം പരിശോധനയ്ക്ക് വിധേയരായി സുരക്ഷിതത്വം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.

കേന്ദ്ര പെഴ്‌സണല്‍ .പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍ മന്ത്രാലയത്തിന്റെതാണ് ഈ നിര്‍ദേശം. ഔട്ട്‌സോഴ്‌സിംഗ് സ്റ്റാഫ് അടക്കം കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവരെല്ലാം ഈ നിര്‍ദേശം പാലിക്കണം. ആപിലുടെയുള്ള പരിശോധനയില്‍ ഓരോരുത്തരും തങ്ങള്‍ ‘സേഫ്’ അല്ലെങ്കില്‍ ‘ലോ റിസ്‌ക്’ അവസ്ഥയിലാണെന്ന് ബോധ്യപ്പെട്ട ശേഷം മാത്രമേ ജോലിക്ക് ഹാജരാകാന്‍ പാടുള്ളു.

രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ ഉദ്യോഗസ്ഥര്‍ ഹൈ റിക്‌സ്, മോഡറേറ്റ് അവസ്ഥയില്‍ ആയിരിക്കും. അവര്‍ 14 ദിവസത്തേക്ക് സ്വയം ക്വാറന്റൈനില്‍ പോകേണ്ടതാണ്. ആരോഗ്യ സേതു ആപ് പ്രകാരം സേഫ് അവസ്ഥയില്‍ എത്തിയ ശേഷമേ തിരികെ ജോലിയില്‍ പ്രവേശിക്കാവുവെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഈ നിര്‍ദേശം എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കാബിനറ്റ് സെക്രട്ടറിമാര്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും കൈമാറിയിട്ടുണ്ട്. കൊവിഡ് രോഗികളുമായി അടുത്തിടപഴകിയവരുടെ സഞ്ചാരപഥം കണ്ടെത്തുുന്നതിന് നരേന്ദ്ര മോഡി സര്‍ക്കാര്‍ കൊണ്ടുവന്നതാണ് ആരോഗ്യസേതു ആപ്. ബ്ലൂടൂത്ത് ഉപയോഗിച്ചാണ് ആപ് പ്രവര്‍ത്തിപ്പിക്കുന്നത്. ഉപയോഗിക്കുന്നയാളുടെ സഞ്ചാരപഥം കണ്ടെത്താനും അവരുമായി ബന്ധപ്പെടുന്നവരെ തിരിച്ചറിയാനും ഇതുവഴി കഴിയും.

pathram:
Leave a Comment