കൊറോണയ്‌ക്കെതിരേ പോരാടാന്‍ പ്ലാസ്മ ദാനം ചെയ്യാന്‍ ആയിരക്കണക്കിന് പേര്‍

ന്യൂയോര്‍ക്ക്: കൊറോണയ്‌ക്കെതിരേ പോരാടാന്‍ സ്വന്തം രക്തത്തിലെ പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറെടുത്ത് അമേരിക്കയിലെ വൈറസ് മുക്തരായ രോഗികള്‍. രോഗം ഭേദമായവരുടെ രക്തത്തില്‍ കൊവിഡിനെ ചെറുക്കാനുള്ള ആന്റിബോഡികളുടെ സാന്നിധ്യമുണ്ടാകും. ഇത് പ്രയോജനപ്പെടുത്തിയാണ് ചികിത്സ നടക്കുക. ഇതിനായി ഇവരില്‍നിന്ന് പ്ലാസ്മ ശേഖരിച്ച് രോഗികളില്‍ ചികിത്സ നടത്തും.

രോഗമുക്തരാകാനുള്ളവര്‍ക്ക് പ്ലാസ്മ നല്‍കാന്‍ കഴിഞ്ഞത് വളരെ മികച്ചൊരു അനുഭവമായിരുന്നുവെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റിക്കായി ആദ്യം പ്ലാസ്മ ദാനം ചെയ്ത ഡയാന ബെറന്റ് പറയുന്നു. അമേരിക്കയിലെ പ്ലാസ്മ ദാതാക്കളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനത്തിന്റെ സ്ഥാപക കൂടിയാണ് ഡയാന. മാര്‍ച്ച് 18നാണ് ഡയാനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. കുറച്ചു ദിവസത്തെ ചികിത്സയ്ക്ക് ശേഷം രോഗം മാറുകയും ചെയ്തു.

രോഗം ഭേദമായ ഒരാളില്‍നിന്ന് ഒരുതവണ എടുക്കുന്ന പ്ലാസ്മ രണ്ട് മുതല്‍ മൂന്ന് രോഗികള്‍ക്ക് വരെ ഉപയോഗപ്പെടുത്താമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഈ ആഴ്ച മുതല്‍ പ്ലാസ്മ പരീക്ഷണം ആരംഭിക്കുമെന്നും ഇത് പ്രാവര്‍ത്തികമാകുമോ ഇല്ലെയോ എന്ന് കണ്ടെത്താന്‍ പോവുകയാണെന്നും കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പാത്തോളജി വിഭാഗം അസിസ്റ്റന്റ് പ്രാഫസര്‍ ഡോ. ഹെല്‍ഡാഡ് ഹോഡ് പറഞ്ഞു.

യു.എസിലെ മുന്‍നിര സര്‍വകലാശാലകളില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ക്കാണ് കൊവിഡ് പൂര്‍ണമായും ഭേദമായ രോഗികള്‍ പ്ലാസ്മ നല്‍കുന്നത്. ഏഴ് ദിവസം കൂടുമ്പോള്‍ ഇത്തരത്തില്‍ പ്ലാസ്മ ദാനം ചെയ്താല്‍ ഒരാളില്‍നിന്ന് 10 മുതല്‍ 12 യൂണിറ്റ് പ്ലാസ്മ വരെ ഒരുമാസം ശേഖരിക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

pathram:
Leave a Comment