കോവിഡ്19 പ്രതിസന്ധി മുതലെടുത്ത് ഹാക്കര്‍മാര്‍ രംഗത്തിറങ്ങുമെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: ഏപ്രില്‍ 16 : ലോകമെങ്ങും കൊറോണ വൈറസ് ബാധ പടരുന്നതിനിടെ സൈബര്‍ സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ടി ഗ്ലോബല്‍ കമ്പനിയായ സൈബര്‍ പ്രൂഫ്. സൈബര്‍ കുറ്റവാളികളും സ്‌റ്റേറ്റ് സ്‌പോണ്‍സേഡ് ഹാക്കര്‍മാരും ഉള്‍പ്പെടെ സാഹചര്യം മുതലെടുക്കാനും നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധ്യതയുണ്ട്.

ഹാക്കര്‍മാര്‍ അധോലോക നെറ്റ് വര്‍ക്കുകളിലൂടെ പരസ്പരം ആശയ വിനിമയം നടത്തുന്നുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ക്കാവശ്യമായ വിഭവങ്ങള്‍ പങ്കുവെയ്ക്കുന്നുമുണ്ട്. ഇത്തരക്കാരുടെ പ്രവര്‍ത്തന വഴികളെ നിരന്തരം പിന്തുടര്‍ന്ന് സൈബര്‍ പ്രൂഫ് കണ്ടെത്തിയ വിവരങ്ങള്‍ ആശങ്കാജനകമാണ്.
കൊറോണ വൈറസ് ബാധയുള്ള സ്ഥലങ്ങളുടെ ഓണ്‍ലൈന്‍ മാപ്പുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ അതിനുള്ളിലൂടെ അപകടകാരികളായ സോഫ്റ്റ് വെയറുകള്‍ കടത്തിവിടുന്ന തരത്തിലുള്ള ആക്രമണ പദ്ധതികള്‍ ഹാക്കര്‍മാര്‍ ആസൂത്രണം ചെയ്യുന്നതായി സൈബര്‍ പ്രൂഫ് കണ്ടെത്തിയിട്ടുണ്ട്.
വിന്‍ഡോസിന്റെ ഏതു വേര്‍ഷനിലും പ്രവര്‍ത്തിക്കുന്ന ഇത്തരം മാല്‍വെയറുകള്‍ ഫയല്‍ എക്സ്റ്റന്‍ഷന്‍ അറ്റാച്ച്‌മെന്റുകള്‍ വഴി നേരിട്ട് സിസ്റ്റത്തിനുള്ളില്‍ കടന്നു കയറും.

‘പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തില്‍ അവസരങ്ങള്‍ കഴിയുന്നത്ര മുതലെടുക്കാന്‍ ഹാക്കര്‍മാര്‍ ശ്രമിക്കും. നാം അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്’ , സൈബര്‍ പ്രൂഫ് പ്രസിഡണ്ട് യുവാള്‍ വോള്‍മാന്‍ അഭിപ്രായപ്പെട്ടു. ഇത്തരം നിര്‍ണായക സന്ദര്‍ഭങ്ങളില്‍ അതിവേഗത്തിലാണ് അവര്‍ പ്രവര്‍ത്തനനിരതരാവുന്നത്. അതേ രീതിയില്‍ നാം മുന്നേറേണ്ടതുണ്ട്. സ്ഥാപനത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ജീവനക്കാര്‍ കരുതിയിരിക്കണം, ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണക്കാലത്ത് സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകമെമ്പാടും കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെ ഹാക്കര്‍മാര്‍ വീടുകളിലേക്കൊതുങ്ങി. വിരസത മാറ്റാന്‍ പുതിയ മാര്‍ഗങ്ങള്‍ തിരയുകയാണവര്‍. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ കവര്‍ന്നെടുക്കാനും നിര്‍ണായക സംവിധാനങ്ങളെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുമാണ് അവരുടെ ശ്രമം.

പ്രതിസന്ധികളുടെ ഈ കാലഘട്ടത്തില്‍ ഉപയോക്താക്കളെ സഹായിക്കാനാണ് സൈബര്‍ പ്രൂഫും യു എസ് ടി ഗ്ലോബലും ശ്രമിക്കുന്നതെന്ന് സൈബര്‍ പ്രൂഫ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും യു എസ് ടി ഗ്ലോബല്‍ ചീഫ് ഇന്‍ഫൊര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറുമായ ടോണി വെല്ലാക്ക അഭിപ്രായപ്പെട്ടു. റിമോട്ട് വര്‍ക്കിലെ വെല്ലുവിളികളെ മറികടക്കാന്‍, കേറ്റോ നെറ്റ് വര്‍ക്കുമായി യോജിച്ച് ലോകമെമ്പാടും ലഭ്യമാകുന്ന ഒരു വിപിഎന്‍ സൊല്യൂഷന് രൂപം നല്കിയിട്ടുണ്ട്. 95% ഉപയോക്തൃ സ്ഥാപനങ്ങളുടെയും വര്‍ക്ക് ഫ്രം ഹോം ജീവനക്കാര്‍ക്കും ലഭ്യമാക്കുന്ന ഈ സൊല്യൂഷന്‍ സുരക്ഷാ ഭീഷണിയെ വലിയൊരു പരിധി വരെ ചെറുക്കാന്‍ പ്രാപ്തമാണ്. റിമോട്ട് വര്‍ക്കിങ്ങ് കാര്യക്ഷമമാക്കാന്‍ ഇത് വലിയ തോതില്‍ ഫലപ്രദമാണ്.

pathram:
Related Post
Leave a Comment