‘കേരളം പൊളിയാണ്’….!!! തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി 2.5 ലക്ഷം മുറികള്‍ റെഡി…

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ തിരികെയുത്തുന്ന കാര്യത്തില്‍ തീരുമാനം ആയില്ലെങ്കിലും എല്ലാ തയാറെടുപ്പുകളും കേരളം പൂര്‍ത്തിയാക്കിയിരിക്കുന്നു. പ്രവാസികള്‍ കൂട്ടത്തോടെ തിരികെയെത്തിയാല്‍ സ്വീകരിക്കാന്‍ സുസജ്ജമായാണ് സംസ്ഥാനം ഏവര്‍ക്കും മാതൃകയായുകന്നത്. തിരികെയെത്തുന്ന എല്ലാവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി ജില്ലകളില്‍ നിരീക്ഷണകേന്ദ്രങ്ങളൊരുക്കും. ഹോട്ടലുകളും റിസോര്‍ട്ടുകളും ഇതിനായി ഏറ്റെടുക്കും. സ്ഥാപനങ്ങള്‍ കണ്ടെത്താനും ക്രമീകരണങ്ങളൊരുക്കാനും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

പ്രവാസികളെയെത്തിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. നിലവില്‍ ഏതു രാജ്യത്താണോ കഴിയുന്നത് അവിടെ സുരക്ഷിതമായി കഴിയണമെന്നാണ് ഇക്കാര്യത്തില്‍ ഇപ്പോഴും കേന്ദ്രത്തിന്റെ സമീപനം. തൊഴിലാവശ്യത്തിനെത്തിയവരെ തിരികെക്കൊണ്ടുപോകണമെന്ന് യു.എ.ഇ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു നിലപാട് മറ്റൊരിടത്തുനിന്നും ഉണ്ടായിട്ടില്ല. പത്തുലക്ഷം മലയാളികളെങ്കിലും അവിടെയുണ്ട്. അതിനാല്‍, ഏതുസാഹചര്യത്തെയും കരുതലോടെയും സുരക്ഷിതമായും നേരിടാനാണ് കേരളത്തിന്റെ ഒരുക്കം.

കേന്ദ്രത്തിന്റെ തീരുമാനമറിഞ്ഞശേഷമായിരിക്കും സംസ്ഥാനത്ത് അന്തിമതീരുമാനം. താമസസൗകര്യം കണ്ടെത്താനുള്ള നടപടിയാണ് തുടങ്ങിയത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനാണ് മുറികള്‍ സജ്ജീകരിക്കുന്നതിനുള്ള ചുമതല. രണ്ടരലക്ഷം മുറികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1.24 ലക്ഷം മുറികളില്‍ എല്ലാസൗകര്യവും ഉറപ്പുവരുത്തി.

പണം നല്‍കി ഉപയോഗിക്കാന്‍ പാകത്തിലുള്ളതും അല്ലാത്തതുമായ കെയര്‍ സെന്ററുകളാണ് പ്രവസികള്‍ക്കായി തയ്യാറാക്കുക. ആലപ്പുഴയില്‍ ഹൗസ് ബോട്ടുകളിലടക്കം താമസസൗകര്യമുണ്ട്. 2000 കിടക്കകളാണ് പുരവഞ്ചിയിലുള്ളത്. വയനാട് ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും വില്ലകളുമടക്കം 135 സ്ഥാപനങ്ങള്‍ ഇതിനകം ഏറ്റെടുത്ത് കോവിഡ് കെയര്‍ സെന്ററുകളാക്കി. മറ്റ് ജില്ലകളിലും ഏറ്റെടുക്കേണ്ട ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും പട്ടിക തയ്യാറാക്കി.

ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് മലപ്പുറം ജില്ലയിലാണ്. തിരിച്ചുവരുന്നവരേറെയും ഇവിടേക്കാകുമെന്നും വിലയിരുത്തുന്നു. കുടംബത്തോടൊപ്പം വിദേശത്ത് കഴിയുന്നവരുടെ എണ്ണവും ഇവിടെ കൂടുതലാണ്. കുടുംബത്തോടൊപ്പം തിരികെയെത്തുന്നവര്‍ക്ക് എ.സി. സൗകര്യത്തോടെയുള്ള വീടുകളും വില്ലകളുമാണ് ഉദ്ദേശിക്കുന്നത്. ഇത് പണം നല്‍കി ഉപയോഗിക്കാനാണ്. ചെറിയ തുകമാത്രം ഈടാക്കുന്നതും പൂര്‍ണമായും സൗജന്യമായതുമായ താമസസൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

വിവിധ ജില്ലകളില്‍ തയ്യാറായ മുറികളും കിടക്കകളുടെയും കണക്കുകള്‍ ചുവടെ.

തിരുവനന്തപുരം 7500 മുറികള്‍

പത്തനംതിട്ട 8100 മുറികള്‍

വയനാട് 135 കെട്ടിടങ്ങള്‍

ആലപ്പുഴ 10,000 കിടക്കകള്‍

മലപ്പുറം 15,000 കിടക്കകള്‍

കണ്ണൂര്‍ 4000 കിടക്കകള്‍

തൃശൂര്‍ 7581 മുറികള്‍

കോഴിക്കോട് 15,000 മുറികള്‍

* എം.ഇ.എസ്. ഉടമസ്ഥതയിലുള്ള 150 കെട്ടിടങ്ങള്‍ വിട്ടുനല്‍കാമെന്ന് വാഗ്ദാനം

* എം.എസ്.എസ്. നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും കെയര്‍ സെന്ററിന് വിട്ടുനല്‍കും

* മുസ്‌ലിം ലീഗിന്റെയും അനുബന്ധ സംഘടകളുടെയും നിയന്ത്രണത്തിലുള്ള എല്ലാ കെട്ടിടങ്ങളും കൈമാറും.

pathram:
Leave a Comment