ലോക് ഡൗണ്‍ : ജില്ലാന്തര യാത്രകളില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് ധാരണ

തിരുവനന്തപൂരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ഇളവ് നല്‍കുന്നതു സംബന്ധിച്ച് ഇന്നും തീരുമാനമായില്ല. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിലായിരിക്കും ഇനി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക. ജില്ലാന്തര യാത്രകളില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് ധാരണയായി.

കേന്ദ്ര തീരുമാനം വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേന്ദ്ര തീരുമാനത്തിന് മുന്‍പ് കേരളം മാത്രമായി ഇളവുകള്‍ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും ഇന്ന് ചേര്‍ന്ന യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

ഒറ്റയടിക്ക് വിലക്കുകള്‍ പിന്‍വലിക്കുന്നത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ നിലവില്‍ ആശങ്ക വേണ്ട. കാസര്‍ഗോഡ് അടക്കം സ്ഥിതി ആശ്വാസകരമാണ്. അതേസമയം ജാഗ്രതയില്‍ വിട്ടു വീഴ്ച പാടില്ലെന്നും യോഗം വിലയിരുത്തി.

ഏപ്രില്‍ 14നാണ് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലയളവ് തീരുകയുള്ളൂ. എന്നാല്‍, ചില വിട്ടുവീഴ്ചകളോടെ രണ്ടാഴ്ച കൂടി നീട്ടുമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരോടുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ അറിയിച്ചിരുന്നു.

pathram:
Leave a Comment