യുവരാജ് 50 ലക്ഷം, ഹർഭജൻ നൽകിയത്…

കൊറോണ വൈറസ് വ്യാപനത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് കരുത്തു പകരാൻ സഹായവുമായി ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങും ഹർഭജൻ സിങ്ങും. പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുടെയും അദ്ദേഹത്തിന്റെ പേരിലുള്ള സംഘടനയുടെയും കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് സാമ്പത്തിക സഹായം നൽകി വിവാദക്കുരുക്കിലായതിനു പിന്നാലെ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് യുവരാജ് അരക്കോടി രൂപ സംഭാവന നൽകി.

ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അഫ്രീദി ഫൗണ്ടേഷനു സഹായം പ്രഖ്യാപിക്കുകയും സഹായം നൽകാൻ യുവരാജ് സിങ്ങിന് ആഹ്വാനം നൽകുകയും ചെയ്ത ഹർഭജൻ, സ്വദേശമായ ജലന്ധറിൽ ദുരിതമനുഭവിക്കുന്ന 5000 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച വിളക്കുതെളിക്കൽ യഞ്ജത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ട്വീറ്റിലാണ് 50 ലക്ഷം രൂപ സംഭാവന നൽകുന്ന കാര്യം യുവരാജ് അറിയിച്ചത്. ‘ഒരുമിച്ചു നിൽക്കുമ്പോൾ നാം ഇരട്ടി കരുത്തരാണ്. ഇന്ന് രാത്രി ഒൻപതിന് ഒൻപതു മിനിറ്റു നേരം വിളക്കു തെളിയിക്കാൻ ഞാനുമുണ്ട്. നിങ്ങൾ എനിക്കൊപ്പം ഉണ്ടാകുമോ? മഹത്തായ ഈ ദിവസത്തിൽ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് ഞാൻ 50 ലക്ഷം രൂപ സംഭാവന നൽകുന്നു. നിങ്ങളും കഴിയുന്ന സഹായങ്ങൾ ഉറപ്പാക്കുമല്ലോ’ – യുവരാജ് ട്വീറ്റ് ചെയ്തു.

ഇതിനിടെയാണ് കൊറോണ വൈറസ് വ്യാപനം നിമിത്തം ദുരിതമനുഭവിക്കുന്ന ജലന്ധറിലെ 5000 കുടുംബങ്ങളെ സഹായിക്കുമെന്ന പ്രഖ്യാപനം ഹർഭജൻ സിങ്ങും നടത്തിയത്. ട്വിറ്റർ ഉൾപ്പെടെ വിവിധ സമൂഹമാധ്യമങ്ങളിലൂടെയാണ് ഹർഭജനും ഇക്കാര്യം പ്രഖ്യാപിച്ചത്.

‘ദൈവാനുഗ്രഹത്താൽ, ഞാനും ഗീതയും ചേർന്ന് ജലന്ധറിലെ 5000 കുടുംബങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കാൻ തീരുമാനിച്ചിരിക്കുന്നു. ഈ ദുരിതസമയത്ത് വിഷമതകളനുഭവിക്കുന്ന 5000 കുടുംബങ്ങൾക്കാണ് സഹായം. ഞങ്ങളുടെ പ്രിയപ്പെട്ടവർക്ക് അവരുടെ കഷ്ടപ്പാട് ലഘൂകരിക്കാനുതകുന്ന സാധ്യമായ എല്ലാ സഹായങ്ങളും തുടർന്നും ചെയ്യും’ – ഹർഭജൻ വ്യക്തമാക്കി.

pathram desk 2:
Related Post
Leave a Comment