തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി ജില്ലാ കളക്ടര്‍

കൊച്ചിയിലെ തെരുവുകളില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ക്ഷേമം അന്വേഷിച്ച് ജില്ലാ കളക്ടര്‍ എസ് സുഹാസ്. ലോക്ക് ഡൗണില്‍ മനുഷ്യനേക്കാള്‍ ദുരിതം നേരിടുന്നത് തെരുവു നായ്ക്കളാണ്. മൃഗ സ്‌നേഹികള്‍ ഭക്ഷണം എത്തിക്കുന്നതും കാത്തിരിക്കുകയാണ് ഈ നായ്ക്കള്‍. ചിലരെത്തി ഭക്ഷണം നല്‍കുന്നുണ്ട്. മൃഗസ്‌നേഹികള്‍ക്കൊപ്പം തെരുവിലെ മിണ്ടാപ്രാണികള്‍ക്ക് ഭക്ഷണം നല്‍കിയാണ് കളക്ടര്‍ മടങ്ങിയത്. മൃഗങ്ങള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ ക്ഷേമം മാത്രമല്ല, മൃഗങ്ങളുടെ സംരക്ഷണത്തിനും പരിഗണന നല്‍കുമെന്ന് കളക്ടര്‍. ജില്ലയിലെ വിവിധയിടങ്ങളില്‍ എത്തി കളക്ടര്‍ തെരുവുനായ്ക്കളുടെ സാഹചര്യങ്ങള്‍ പരിശോധിച്ചു. മൃഗക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും മൃഗ സ്‌നേഹികള്‍ക്കും നിര്‍ദേശം നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. തെരുവില്‍ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ഫേസ്ബുക്കിലും കളക്ടര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കുറിപ്പ് വായിക്കാം

കൊവിഡ് കാലത്ത് സഹജീവികളോടും വേണം, കരുതല്‍. ലോക്ക് ഡൗണ്‍ കാലത്ത് നമ്മള്‍ മാത്രമല്ല മറ്റ് ജീവജാലങ്ങളും പ്രയാസമനുഭവിക്കുന്നുണ്ട്. ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന ശാസ്താംകോട്ടയിലെ വാനരന്‍മാരെ കുറിച്ചും പനമ്പട്ട കിട്ടാത്ത ആനകളെ കുറിച്ചും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നു. ജില്ലയിലെ തെരുവുകളിലും ഭക്ഷണമില്ലാതെ പട്ടിണിയായ നായകളും പൂച്ചകളുമുണ്ട്. ഇവര്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനുള്ള സംരംഭത്തിന് ഇന്ന് തുടക്കം കുറിച്ചു.

ജില്ലാ ഭരണകൂടം, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വണ്‍നെസ്, ധ്യാന്‍ ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. വണ്‍നസ് സംഘടനയിലെ 22 വോളന്റിയര്‍മാര്‍ കൊച്ചി നഗരത്തിനകത്തും പുറത്തുമായി 12 വാഹനങ്ങളിലാണ് തെരുവുമൃഗങ്ങള്‍ക്കായി ഭക്ഷണം എത്തിക്കുന്നത്. ഓരോ പ്രദേശത്തും മൃഗങ്ങള്‍ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയാണ് ഇവരുടെ ഭക്ഷണ വിതരണം. കൂടാതെ വോളന്റിയര്‍മാര്‍ അവരുടെ വീടിന് സമീപത്തും ഇത്തരത്തില്‍ തെരുവുമൃഗങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്നുണ്ട്.

pathram:
Leave a Comment