ഇതര സംസ്ഥാന തൊഴിലാളികളെ തടയണമെന്ന് കേന്ദ്രം

ലോക്ഡൗണിനിടെ ഇതര സംസ്ഥാന തൊഴിലാളികളുടെ സഞ്ചാരം തടയാന്‍ സംസ്ഥാന അതിര്‍ത്തിയും ജില്ലാ അതിര്‍ത്തികളും അടയ്ക്കണമെന്നു സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണം, താമസ സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പാടാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എന്നിവര്‍ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും പൊലീസ് മേധാവിമാരുമായും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ഡൗണ്‍ സമയത്ത് ദേശീയപാത വഴിയോ നഗരങ്ങളിലൂടെയോ ജനങ്ങള്‍ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും അറിയിപ്പുണ്ട്.

കേരളത്തിലുള്ള തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കേരളത്തിലുള്ള അതിഥി തൊഴിലാളികളെ സംബന്ധിച്ച് വിവിധ മുഖ്യമന്ത്രിമാര്‍ കത്തുകളിലൂടെ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. തമിഴ്‌നാട്, നാഗാലന്‍ഡ്, ജാര്‍ഖണ്ഡ്, ബംഗാള്‍, മണിപ്പൂര്‍ മുഖ്യമന്ത്രിമാര്‍ക്ക് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച കരുതല്‍ ചൂണ്ടിക്കാട്ടി മറുപടി അയച്ചു. അതിഥി തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കി– സമൂഹമാധ്യമത്തിലെ കുറിപ്പില്‍ മുഖ്യമന്ത്രി അറിയിച്ചു.

ഈ വിഷയം കൈകാര്യം ചെയ്യാന്‍ സംസ്ഥാനതലത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമെങ്കില്‍ അദ്ദേഹത്തെയോ കലക്ടര്‍മാരെയോ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രിമാരെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചങ്ങനാശേരി പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ ലോക്ഡൗണിനിടെ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഡല്‍ഹിയില്‍നിന്ന് തൊഴിലാളികള്‍ കാല്‍നടയായി മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്നതും തുടരുകയാണ്. അതിനിടെയാണു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം വരുന്നത്.

pathram:
Leave a Comment