മുഖ്യമന്ത്രിക്കെതിരേ കേരളത്തിലെ സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം ലഭ്യമാക്കുന്നതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. അത്യന്തം ദൗര്‍ഭാഗ്യകരമായ തീരുമാനമാണ് ഇതെന്ന് കെ.ജി.എം.ഒ.എ. വ്യക്തമാക്കുന്നു. അശാസ്ത്രീയവും അധാര്‍മികവുമായ തീരുമാനം പുനഃപരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

മദ്യാസക്തി മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കുന്നത് ആലോചിക്കുമെന്ന് കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് കെ.ജി.എം.ഒ.എ. ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് കെ.ജി.എം.ഒ.എ. പറയുന്നു. ആധുനിക വൈദ്യശാസ്ത്രത്തില്‍ മദ്യാസക്തി രോഗമുള്ളവര്‍ക്ക് മദ്യം മരുന്നായി ഉപയോഗിക്കുന്നില്ല. പകരം അതിന് മറ്റു ചികിത്സാമാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ആ ചികിത്സാമാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ് വേണ്ടത്. അശാസ്ത്രീയവും അധാര്‍മികവുമാണ് മദ്യാസക്തിക്ക് പകരം മദ്യം നല്‍കാനുള്ള തീരുമാനമെന്നും കെ.ജി.എം.ഒ.എ. പറയുന്നു.

മദ്യാസക്തിമരണങ്ങള്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കൊറോണ വൈറസിന്റെ സമൂഹവ്യാപനത്തിനുള്ള സാധ്യത സംസ്ഥാനത്തുണ്ടെന്നും അത് തള്ളിക്കളയാനാവില്ലെന്നും കെ.ജി.എം.ഒ.എ. ചൂണ്ടിക്കാണിക്കുന്നു.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ജലദോഷം, പനി എന്നിവ ബാധിച്ച് ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധന ആവശ്യമുണ്ട്. കൂടാതെ ആരോഗ്യപ്രവര്‍ത്തര്‍ക്ക് കൂടുതല്‍ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെടുന്നു.

pathram:
Leave a Comment