ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ സ്വന്തം ജീവന്‍വച്ചാണ് പന്താടുന്നത്…

ന്യൂഡല്‍ഹി: ‘ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ സ്വന്തം ജീവന്‍വച്ചാണ് പന്താടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണിനെ തുടര്‍ന്നു ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നതായും പ്രധാനമന്ത്രി. മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. കൊറോണ വൈറസിനെതിരായ പോരാട്ടം ഒരു ജീവന്‍മരണ പോരാട്ടമാണ്. അതിനായി കടുത്ത തീരുമാനങ്ങള്‍ ആവശ്യമാണ്. തുടക്കത്തില്‍ തന്നെ ഈ രോഗത്തെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇന്ത്യ മുഴുവനും ഇപ്പോള്‍ അതു ചെയ്യുന്നതായി മോദി പറഞ്ഞു.

‘ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ സ്വന്തം ജീവന്‍വച്ചാണ് പന്താടുന്നത്. ഞാന്‍ എന്തു പ്രധാനമന്ത്രിയാണെന്ന് ആളുകള്‍ ചിന്തിക്കുന്നുണ്ടാകാം. എന്നാല്‍ ലോക്ഡൗണ്‍ മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള പോംവഴി. നിരവധി ആളുകള്‍ ഇപ്പോഴും ലോക്ഡൗണിനെ നിരാകരിക്കുന്നു. ഇതു സങ്കടകരമാണ്. ലോകമെമ്പാടുമുള്ള പലരും ഇതേ തെറ്റ് ചെയ്തു.

കൊറോണ വൈറസ് ആളുകളെ മരണത്തിലേക്കാണു നയിക്കുന്നത്. അതുകൊണ്ടു മുഴുവന്‍ ആളുകളും ഒത്തൊരുമയോടെ അതിനെ നേരിടണം. ഇനിയുള്ള ദിവസങ്ങളിലും ആരും ലക്ഷ്മണ രേഖ കടക്കരുത്. കൊറോണയെ തോല്‍പിക്കാന്‍ മുന്‍നിരയില്‍ നില്‍കുന്ന പോരാളികളില്‍ നിന്നും നാം പ്രചോദനം ഉള്‍ക്കൊള്ളണം. പ്രത്യേകിച്ച് നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവരില്‍ നിന്ന്.’– പ്രധാനമന്ത്രി പറഞ്ഞു.

എന്നാല്‍ എല്ലാവരും സാമൂഹിക അകലം പാലിക്കുമ്പോള്‍ തന്നെ ആരും മാനുഷികവും വൈകാരികവുമായി അകലരുതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. പഴയ വിനോദവൃത്തികളില്‍ ഉള്‍പ്പെടെ പൊടിതട്ടിയെടുക്കാനുള്ള സമയമാണ് ഇത്. നിരീക്ഷണത്തില്‍ കഴിയുന്നവരോടു ചില ആളുകള്‍ മോശമായി പെരുമാറുന്നുവെന്ന് അറിഞ്ഞപ്പോള്‍ വല്ലാതെ വേദനിച്ചു. ഈ സമയത്ത് നാം സംവേദനക്ഷമതയും വിവേകവും പുലര്‍ത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

pathram:
Leave a Comment