കോവിഡ് രോഗിയായ നേതാവ് തന്നെ കാണാന്‍ നിയമസഭയില്‍ എത്തിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവായ ഇടുക്കിയിലെ കൊവിഡ് രോഗി തന്നെ കാണാന്‍ നിയമസഭയില്‍ വന്നിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടറിയേറ്റില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നതിനാല്‍ കൂടിക്കാഴ്ച നടന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇടുക്കിയിലെ കൊറോണ രോഗി പാലക്കാട്, ഷോളയൂര്‍, പെരുമ്പാവൂര്‍, ആലുവ, മൂന്നാര്‍, മറയൂര്‍, മാവേലിക്കര, തിരുവനന്തപുരം എന്നിവടങ്ങളിലും നിയമസഭാ മന്ദിരത്തിലും പോയതായാണ് പ്രാഥമിക കണ്ടെത്തല്‍. മന്ത്രിമാരും മുന്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കം നിരവധി പ്രമുഖരുമായി ഇടുക്കിയിലെ കൊവിഡ് ബാധിതന്‍ കൂടിക്കാഴ്ച നടത്തി. ഇവരെല്ലാം നിരീക്ഷണത്തിലേക്ക് പോകേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ജനജീവിതം സുഖമാക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു. വിലക്കയറ്റം തടയാനും അവശ്യ വസ്തുക്കളുടെ ക്ഷാമം പരിഹരിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് നിര്‍ദ്ദേശിച്ചു. പ്രളയ കാലത്തും സന്നദ്ധ സേന രൂപീകരിച്ചിരുന്നു. ആ സേന നിലവിലുണ്ടോ ഉണ്ടെങ്കില്‍ പുതിയ സേന എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

pathram:
Leave a Comment