വിഐപി നേതാക്കളും സുരക്ഷിതരല്ല; കൊറോണ ബാധിച്ച പാര്‍ട്ടി നേതാവ് ഭരണ- പ്രതിപക്ഷ നേതാക്കളെ നേരിട്ട് കണ്ടു; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ യാത്ര…; റൂട്ട് മാപ്പ് കണ്ട് അന്തംവിട്ടു

ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള ശ്രമം തുടരുന്നു. കളക്ടറേറ്റില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സയുക്ത യോഗം പുരോഗമിക്കുകയാണ്. സംസ്ഥാനമൊട്ടുക്കും ഇയാള്‍ യാത്ര നടത്തിയതും പ്രമുഖ നേതാക്കളുമായി അടുത്തിടപഴകിയതുമെല്ലാമാണ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിലെ പ്രതിസന്ധി.

കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനായ കൊവിഡ് ബാധിതന്‍ പാലക്കാട്, ഷോളയൂര്‍, പെരുമ്പാവൂര്‍, ആലുവ, മൂന്നാര്‍, മറയൂര്‍, മാവേലിക്കര, തിരുവനന്തപുരം എന്നിവിടങ്ങളിലും നിയമസഭ മന്ദിരത്തിലും പോയെന്നാണ് പ്രാഥമിക കണ്ടെത്തല്‍. തിരുവനന്തപുരത്ത് വച്ച് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസിന്റെ തൊഴിലാളി പോഷക സംഘനയുടെ സംസ്ഥാന ഭാരവാഹിയായ ഇയാള്‍ സംഘടനയുടെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീണ്ട സംസ്ഥാന ജാഥയിലും പങ്കെടുത്തിരുന്നു.

കൊവിഡ് ബാധിതന്‍ അടുത്തകാലത്തൊന്നും വിദേശത്ത് പോയിട്ടില്ല. വിദേശത്ത് നിന്ന് വന്നവരും വീട്ടിലില്ല. അതുകൊണ്ട് തന്നെ പനി ബാധിച്ച് കഴിഞ്ഞ 13ന് താലൂക്ക് ആശുപത്രിയില്‍ പോയെങ്കിലും അവര്‍ മരുന്ന് നല്‍കി തിരിച്ചയച്ചു. തുടര്‍ന്ന് 14ന് ഇയാള്‍ തൊടുപുഴയില്‍ പാര്‍ട്ടി ഓഫീസിലെത്തി നേതാക്കളെ കണ്ടു. 20ന് ചെറുതോണിയിലെ മുസ്ലീം പള്ളിയില്‍ എത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. പനി കൂടി 23ന് വീണ്ടും ആശുപത്രിയില്‍ എത്തിയപ്പോഴാണ് നിരീക്ഷണത്തിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചത്. സ്രവ പരിശോധനയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. വീട്ടുകാരെല്ലാം നിരീക്ഷണത്തിലാണ്. സമ്പര്‍ക്ക പട്ടിക വൈകാതെ തയ്യാറാകുമെന്നും ഇയാളുമായി അടുത്തിടപഴകിയവരെല്ലാം നിരീക്ഷണത്തിലേക്ക് മാറണമെന്നുമാണ് ജില്ല ഭരണകൂടത്തിന്റെ നിര്‍ദ്ദേശം.

pathram:
Leave a Comment