ഭക്ഷണത്തിന്റെ കാര്യത്തില്‍ പക്ഷപാതമില്ല; ഇങ്ങനെയാവണം സര്‍ക്കാര്‍..!!!

തിരുവനന്തപുരം: റേഷന്‍ കാര്‍ഡില്ലാതെ വാടക വീട്ടില്‍ കഴിയുന്നവര്‍ക്ക് റേഷന്‍ കടകള്‍ വഴി ഭക്ഷ്യധാന്യം നല്‍കാന്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആധാര്‍ നമ്പര്‍ പരിശോധിച്ച് ഭക്ഷ്യധാന്യം സൗജന്യമായി നല്‍കും. ക്ഷേമപെന്‍ഷനുകളുടെ വിതരണവും ആരംഭിച്ചു.

2,36,000 പേരുള്ള സന്നദ്ധസേന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങും. പഞ്ചായത്തുകളില്‍ 200 പേരും മുനിസിപ്പാലിറ്റിയില്‍ 500 പേരും 6 കോര്‍പ്പറേഷനുകളില്‍ 750 പേരും രംഗത്തുണ്ടാകും. 22 മുതല്‍ 40 വയസുവരെയുള്ളവരാണ് സന്നദ്ധസേനയില്‍ ഉണ്ടാകുക. സര്‍ക്കാരിന്റെ പോര്‍ട്ടല്‍ വഴി ഇതിനായി റജിസ്റ്റര്‍ ചെയ്യാം. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും യാത്രാചെലവും നല്‍കും. 1465 യുവ വൊളന്റിയര്‍മാരെ ആശുപത്രിയില്‍ രോഗികള്‍ക്ക് കൂട്ടിരിക്കുന്നതിനായി കണ്ടെത്തി.

ഹോള്‍സെയില്‍കാരുടെ സാധനങ്ങള്‍ റീട്ടെയില്‍ കടകളില്‍ എത്തുന്നതിന് പ്രയാസമുണ്ടാകില്ല. നാല് മാസത്തെ കരുതല്‍ ശേഖരം വേണ്ടിവരും. ബേക്കറികള്‍ ഉള്‍പ്പെടെയുള്ളവ തുറക്കണം. വ്യാപാരി സമൂഹം നല്ല മുന്നൊരുക്കത്തോടെ കാര്യങ്ങള്‍ നീക്കുന്നു. ചില സാധനങ്ങള്‍ക്ക് വില കയറ്റിയതായി പരാതികള്‍ ഉണ്ട്. അതു പരിഹരിക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഭക്ഷണസാധനങ്ങള്‍ കൊണ്ടുവരാന്‍ ചില പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കാന്‍ ഒരു ഉന്നത സംഘം പ്രവര്‍ത്തിക്കും.

സാധനങ്ങള്‍ ശേഖരിക്കാന്‍ കോണ്‍വോയി അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പോകാനാണ് തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെയും ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാരിനോടും ഇതിനായി സഹായം അഭ്യര്‍ഥിക്കും. മാര്‍ച്ചില്‍ കാലാവധി അവസാനിക്കുന്ന ബിഎസ്4 റജിസ്‌ട്രേഷന്‍ കാലാവധി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു.

പുതിയ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഏപ്രില്‍ 1 മുതല്‍ ഏര്‍പ്പെടുത്തിയ നികുതി വര്‍ധന ആ തീയതിക്ക് മുന്‍പ് താല്‍ക്കാലിക റജിസ്‌ട്രേഷന്‍ നടത്തിയ വാഹനങ്ങള്‍ക്ക് ബാധകമാകില്ല. അപേക്ഷ നല്‍കുന്നതില്‍ കാലതാമസം വരുന്നതുമൂലം ചുമത്തുന്ന കോമ്പൗണ്ടിങ് ഫീസും പിഴയും ഒഴിവാക്കും. ജിഫോറം സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ഒരുമാസം നീട്ടി. അവശ്യസാധനങ്ങളുമായി വരുന്ന ചരക്കുവാഹനങ്ങളെ മോട്ടര്‍ വാഹനനിയമം അനുസരിച്ച് പെര്‍മിറ്റ് എടുക്കുന്നതില്‍നിന്ന് ഒഴിവാക്കിയാതായും മുഖ്യമന്ത്രി അറിയിച്ചു.

pathram:
Related Post
Leave a Comment