കോവിഡ് 19 പടര്‍ന്ന് പിടിക്കുമ്പോള്‍ റൊണാള്‍ഡോയും മെസ്സിയും ചെയ്യുന്നത്…!!!!

ലോകമെങ്ങും കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇതിനിടെ നമ്മുടെ പ്രിയ താരങ്ങളും സജീവമായി രംഗത്തുണ്ട്. ആശുപത്രികള്‍ക്ക് സംഭാവന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാകുന്ന വാര്‍ത്തായാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. തന്റെ ഏജന്റ് ജോര്‍ജ് മെന്‍ഡസിനൊപ്പമാണ് ക്രിസ്റ്റ്യാനോ സംഭാവന നല്‍കിയത്. ഇവര്‍ക്കൊപ്പം മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പോര്‍ച്ചുഗലിലെ ആശുപത്രികള്‍ക്കാണ് ക്രിസ്റ്റ്യാനോയും മെന്‍ഡസും സഹായം നല്‍കിയത്. ആശുപത്രിയിലെ രണ്ട് കൊവിഡ് 19 വാര്‍ഡുകള്‍ക്ക് വേണ്ട സാധനങ്ങള്‍ ഇവര്‍ നല്‍കി. ഒരു മില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന സാധനങ്ങളാണ് ഇവര്‍ ആശുപത്രികള്‍ക്ക് സംഭാവന ചെയ്തത്. ലിസ്ബണിലെ സാന്റ മരിയ ആശുപത്രിയില്‍ 10 ബെഡുകളും വെന്റിലേറ്ററുകളും സഹിതം രണ്ട് വാര്‍ഡുകളിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഇവര്‍ നല്‍കി. പോര്‍ട്ടോയിലെ സാന്റോ അന്റോണിയോ ആശുപത്രിയില്‍ 15 ബെഡുകളും വെന്റിലേറ്ററുകളും മറ്റ് അനുബന്ധ സാധനങ്ങളും അവര്‍ നല്‍കി.

ലയണല്‍ മെസി ബാഴ്‌സലോണയിലെ ഹോസ്പിറ്റല്‍ ക്ലിനിക്ക് എന്ന ആശുപത്രിക്ക് ഒരു മില്ല്യണ്‍ യൂറോ സംഭാവനയായി നല്‍കി. തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അവര്‍ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. തുക ബാഴ്‌സലോണയിലെ ആശുപത്രിക്കും അര്‍ജന്റീനയിലെ തന്റെ ജന്മനാട്ടിലുള്ള ഒരു ആശുപത്രിക്കുമായി പങ്കിട്ടു നല്‍കുമെന്നും സൂചനയുണ്ട്. ഗ്വാര്‍ഡിയോളയും ഒരു മില്ല്യണ്‍ യൂറോയാണ് സംഭാവനയായി നല്‍കിയത്. സ്‌പെയിനിലെ ഏഞ്ചല്‍ സോലെര്‍ ഡാനിയല്‍ ഫൗണ്ടേഷനു വേണ്ടിയാണ് ഗ്വാര്‍ഡിയോളയുടെ സംഭാവന.

pathram:
Leave a Comment