കൊറോണ; ബഹുമാനപ്പെട്ട പ്രധാനമന്ത്രി, എന്താ ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയല്ലേ?’നടപടികളെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ലോകാരോഗ്യ സംഘടനയുടെ കൃത്യമായ നിര്‍ദേശങ്ങളുണ്ടായിട്ടും വെന്റിലേറ്ററുകളും സര്‍ജിക്കല്‍ മാസ്‌കുകളും വേണ്ടത്ര സൂക്ഷിക്കുന്നതിന് പകരം, മാര്‍ച്ച് 19 വരെ ഇന്ത്യന്‍ സര്‍ക്കാര്‍ അവരുടെ ഇറക്കുമതി അനുവദിക്കാത്തതിരുന്നത് എന്തുകൊണ്ടാണ്? എന്താ ഇതൊരു ക്രിമിനല്‍ ഗൂഢാലോചനയല്ലേ?’രാഹുല്‍ ചോദിക്കുന്നു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം സ്വീകരിച്ച നടപടികളെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങളുണ്ടായിട്ടും സുരക്ഷാ സജീകരണങ്ങളൊരുക്കാന്‍ ഇന്ത്യ തയ്യാറായില്ലെന്ന് ഒരു വെബ്മാഗസിനില്‍ വന്ന റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ട്വിറ്ററിലൂടെ പ്രധാനമന്ത്രിക്ക് നേരെ ചോദ്യങ്ങളുയര്‍ത്തിയിരിക്കുന്നത്.

കോവിഡ് 19 ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നാല്‍ ഇന്ത്യയിലുള്ള 40,000 വെന്റിലേറ്ററുകള്‍ അപര്യാപ്തമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഏകദേശം 5% കേസുകളില്‍, ഗുരുതരമായ ശ്വസനപ്രശ്‌നങ്ങള്‍ നേരിടുന്ന രോഗികളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് അയക്കുന്നുണ്ട്.

വെന്റിലേറ്ററുകളുടെ കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. തീവ്രപരിചരണം ആവശ്യമായി വരുന്ന രോഗികള്‍ക്ക് അത് ലഭ്യമാകുന്നതിന് വേണ്ടി അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി സാമൂഹിക അകലം ഉറപ്പാക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ക്ഡൗണും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ കോവിഡ് 19 രോഗികളുടെ എണ്ണം 425ആയി ഉയര്‍ന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചിരുന്നു. കോവിഡ് 19 ബാധിച്ച് 8പേരാണ് രാജ്യത്ത് മരിച്ചത്.

pathram:
Related Post
Leave a Comment