കണ്ണൂര്‍: കൊറോണ ബാധിതനയി പരിയാരത്ത് ചികിത്സയിലിരുന്ന ആളുടെ രോഗം മാറിയതായി റിപ്പോര്‍ട്ട്. കണ്ണൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഏകകേസായിരുന്നു ഇത്. രോഗിയുടെ നാലാമത്തെ പരിശോധനാ ഫലവും നെഗറ്റീവായതോടെ രോഗം മാറിയതിന് സ്ഥീരീകരണമായി. ഇദ്ദേഹത്തെ വീട്ടിലേക്ക് മടക്കി അയക്കും. എന്നാല്‍, പതിനാലു ദിവസം വീട്ടിനുള്ളില്‍ തന്നെ നിര്‍ബന്ധമായും കഴിയണമെന്ന് നിര്‍ദ്ദേശമുണ്ട്.
ഈ മാസം പതിമൂന്നിന് ദുബൈയില്‍ നിന്ന് നാട്ടിലെത്തിയതായിരുന്നു ഇദ്ദേഹം. നാട്ടിലെത്തി പരിശോധന നടത്തിയപ്പോള്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലും വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലും നടത്തിയ ഒടുവിലത്തെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയതിനാലാണ് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ വീട്ടുകാരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നെങ്കിലും ഇവരില്‍ വൈറസ് ബാധ കണ്ടെത്താനായിരുന്നില്ല.
അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 200 കടന്നു. മഹാരാഷ്ട്രയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു. പിംപിരിചിഞ്ച്‌വാദ്, പൂനെ, മുംബൈ എന്നിവിടങ്ങളിലാണ് ഇന്ന് മൂന്ന് പേര്‍ക്ക് രോഗ ബാധ സ്ഥികരീരിച്ചിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയില്‍ രോഗ ബാധ സ്ഥിരീരിച്ചവരുടെ എണ്ണം 52 ആയി. ബംഗാളില്‍ ഇന്ന് ഒരാള്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു. യു.കെ യില്‍ പോയി മടങ്ങി വന്ന ആള്‍ക്കാണ് ബംഗാളില്‍ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ബംഗാളില്‍ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. ലക്‌നൗവില്‍ പുതിയതായി നാലു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഉത്തര്‍പ്രദേശില്‍ രോഗ ബാധിതരുടെ എണ്ണം 23 ആയി. തെലങ്കാനയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തെലങ്കാനയില്‍ രോഗ ബാധിതരുടെ എണ്ണം 16 ആയി ഉയര്‍ന്നു.
Leave a Comment