കൊറേണ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം; 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 10 വയസ്സില്‍ താഴെയുള്ള കുട്ടികളും വീടുകളില്‍ തന്നെ കഴിയണം, രാജ്യാന്തര വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു

ഡല്‍ഹി : കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യാന്തര വിമാനസര്‍വീസുകള്‍ മാര്‍ച്ച് 22 മുതല്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തി. 65 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാരും വീടുകളില്‍ത്തന്നെ കഴിയണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. 10 വയസ്സില്‍ താഴെയുള്ള കുട്ടികളും വീടുകളില്‍ കഴിയണം.

വിദ്യാര്‍ഥികള്‍ക്കും രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമല്ലാതെ കണ്‍സെഷന്‍ യാത്രകള്‍ റെയില്‍വേയും വ്യോമയാന വകുപ്പും റദ്ദാക്കണം. സ്വകാര്യ സെക്ടറുകളിലെ ജീവനക്കാര്‍ക്ക് ‘വീട്ടിലിരുന്ന് ജോലി’ (വര്‍ക്ക് ഫ്രം ഹോം) ചെയ്യാവുന്ന തരത്തില്‍ സൗകര്യമുണ്ടാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ജീവനക്കാര്‍ ആഴ്ചയില്‍ ഇടവിട്ട് ജോലിയില്‍ പ്രവേശിച്ചാല്‍ മതിയാകും. ഇവരുടെ ജോലിയുടെ സമയക്രമം മാറ്റാനും തീരുമാനമായി.

അതിനിടെ, കൊറോണ ബാധിച്ച് ഇന്ത്യയില്‍ നാലാം മരണം റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബ് സ്വദേശിയായ 70കാരനാണു മരിച്ചത്. ജര്‍മനിയില്‍നിന്ന് ഇറ്റലി വഴി ഡല്‍ഹിയില്‍ എത്തിയ ആളാണ് മരിച്ചത്. നേരത്തേ മരിച്ച മൂന്നുപേര്‍ ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു.

pathram:
Leave a Comment