വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം: എന്‍ഐഎ അന്വേഷിക്കും

കൊല്ലം: കുളത്തൂപ്പുഴ വനമേഖലയില്‍ റോഡരികില്‍ കവറില്‍ പൊതിഞ്ഞ് 14 വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പരിശോധിക്കും. വെടിയുണ്ട കണ്ടെടുത്ത കുളത്തൂപ്പുഴ മുപ്പത്തടി പാലത്തിനടുത്ത് കൂടുതല്‍ പരിശോധന നടത്തും. സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. പൊലീസിന്റെ ആര്‍മറര്‍, ഫൊറന്‍സിക് വിഭാഗങ്ങള്‍ നടത്തിയ പരിശോധനയില്‍ ഇവ വിദേശ നിര്‍മിതമാണെന്നു വ്യക്തമായിരുന്നു. പാക്ക് സൈന്യത്തിനു വേണ്ടി വെടിയുണ്ടകള്‍ നിര്‍മിക്കുന്ന പാക്കിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിര്‍മിച്ചതാണെന്നാണു സംശയം.

വെടിയുണ്ടകളില്‍ പിഒഎഫ് (പാക്കിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറി) എന്നു രേഖപ്പെടുത്തിയിരിക്കുന്നത് അതീവ ഗുരുതരമാണെന്നു ഉന്നതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സേനകള്‍ ഉപയോഗിക്കുന്ന തിരകളില്‍ ഐഒഎഫ് ( ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറി) എന്നാണു രേഖപ്പെടുത്തുന്നത്. 12 എണ്ണം പൗച്ചിലും (വെടിയുണ്ടകള്‍ വയ്ക്കുന്ന ബെല്‍റ്റ്) 2 എണ്ണം വേറിട്ട നിലയിലുമായിരുന്നു. സൈന്യവും പൊലീസും ഉപയോഗിക്കുന്നതരം വെടിയുണ്ടകളാണെന്നു പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ലോങ് റേഞ്ചില്‍ വെടിവയ്ക്കാവുന്ന തോക്കുകളില്‍ ഉപയോഗിക്കുന്ന 7.62 എംഎം ഉണ്ടകളാണിവ. അന്വേഷണം ആന്റി ടെററിസ്റ്റ് സ്‌ക്വാഡിനു കൈമാറി.

ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 3 മണിയോടെ കുളത്തൂപ്പുഴ മടത്തറ പാതയില്‍ മുപ്പതടി പാലത്തിനു സമീപമാണു വെടിയുണ്ടകള്‍ കണ്ടത്. അതുവഴി കടന്നുപോയ കുളത്തൂപ്പുഴ മടത്തറ ഒഴുകുപാറ സ്വദേശി ജോഷി, സുഹൃത്ത് തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി അജീഷ് എന്നിവരാണു പത്രക്കടലാസില്‍ പൊതിഞ്ഞു പ്ലാസ്റ്റിക് കവറിലാക്കിയ നിലയില്‍ ഇവ കണ്ടത്. കവര്‍ കിടക്കുന്നതു കണ്ടു സംശയം തോന്നി വടി കൊണ്ട് ഇളക്കി നോക്കുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വന്‍ പൊലീസ് സംഘവും ഫൊറന്‍സിക് വിരലടയാള വിഭാഗവും ബോംബ് സ്‌ക്വാഡും ആര്‍മറി വിഭാഗവും സ്ഥലത്തെത്തി പരിശോധിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.

pathram:
Leave a Comment