ടെലികോം കമ്പനികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍..!!!

ന്യൂഡല്‍ഹി: സ്‌പെട്രം യൂസര്‍ ചാര്‍ ലൈസന്‍സ് ഫീ തുടങ്ങിയവ അടയ്ക്കാത്തതിന്റെ പേരില്‍ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ പ്രതിസന്ധിയില്‍. ജിയോ മാത്രമാണ് കുടിശിക അടച്ചുതീര്‍ത്തിരിക്കുന്നത്. എയര്‍ടെല്‍, വോഡഫോണ്‍–ഐഡിയ, ടാറ്റ ടെലി സര്‍വീസസ് എന്നീ കമ്പനികള്‍ സ്‌പെക്ട്രം യൂസര്‍ ചാര്‍ജ്, ലൈസന്‍സ് ഫീ കുടിശികയില്‍ ഒരു ഭാഗം ഇന്ന് അടച്ചേക്കും. കടുത്ത നടപടികള്‍ ഒഴിവാക്കാനാണിത്. കുടിശിക അടച്ചില്ലെങ്കില്‍ കമ്പനികളുടെ ബാങ്ക് ഗാരന്റിയില്‍ നിന്ന് തുക ഈടാക്കുമെന്ന് ടെലികോം വകുപ്പ് നോട്ടിസ് നല്‍കിയിരുന്നു.

ഈ 3 കമ്പനികളും മാത്രമായി ഒരു ലക്ഷം കോടിയിലേറെ രൂപയാണ് കുടിശിക അടയ്ക്കാനുള്ളത്. ഇവര്‍ അടയ്ക്കുന്ന തുക നോക്കി ബാക്കി നടപടി സ്വീകരിക്കും. ഒരു മാസത്തിനകം കുടിശിക അടച്ചുതീര്‍ക്കണമെന്ന് സുപ്രീംകോടതി വെള്ളിയാഴ്ച അന്ത്യശാസനം നല്‍കിയതിനെത്തുടര്‍ന്ന് അന്നുതന്നെ പണമടയ്ക്കണമെന്ന് ടെലികോം വകുപ്പു ഉത്തരവിട്ടെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.

ഈ മാസം 20നകം 10,000 കോടി രൂപ അടയ്ക്കാമെന്നും ബാക്കി സുപ്രീംകോടതിയുടെ അടുത്ത സിറ്റിങ് നടക്കുന്ന 17നകം അടയ്ക്കാമെന്നും എയര്‍ടെല്‍ അറിയിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ സാവകാശം നല്‍കാനാവില്ലെന്ന് ടെലികോം വകുപ്പ് അറിയിച്ചു.

വോഡഫോണ്‍–ഐഡിയയ്ക്ക് 53,038 കോടി രൂപയാണു കുടിശിക. ഇത് അടച്ചുതീര്‍ക്കുമ്പോഴേക്കും കമ്പനി പ്രവര്‍ത്തനം നിര്‍ത്തുമെന്ന ആശങ്കയും ഉണ്ട്. 1.47 കോടി രൂപയാണു കുടിശികയായി എല്ലാ കമ്പനികളും അടയ്ക്കാനുള്ളത്. ഭാരതി എയര്‍ടെല്‍ 35,586 കോടി രൂപയും ടാറ്റ ടെലി സര്‍വീസസ് 13,800 കോടി രൂപയും ബിഎസ്എന്‍എല്‍ 4989 കോടിയും എംടിഎന്‍എല്‍ 3122 കോടി രൂപയുമാണ് കുടിശിക അടയ്‌ക്കേണ്ടത്. റിലയന്‍സ് ജിയോ മാത്രമാണ് കുടിശികയായ 195 കോടി രൂപ അടച്ചുതീര്‍ത്തത്. ആകെയുളള 1.47 കോടി രൂപയില്‍ 1.13 കോടി രൂപ മാത്രമേ കുടിശികയായി പിരിഞ്ഞുകിട്ടാനിടയുള്ളൂ.

കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വരുന്നത് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിക്കുമെന്നതില്‍ സംശയമില്ല.

pathram:
Leave a Comment